ദുരന്തമായി പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ; വരനും വധുവും മുങ്ങി മരിച്ചു

സേവ് ദി ഡേറ്റ് , പ്രീ വെഡ്ഡിംഗ് , പോസ്റ്റ് വെഡ്ഡിംഗ് എന്നിങ്ങനെ കല്യാണത്തിന് മുന്‍പും പിന്‍പും ഇപ്പോള്‍ വധു വരന്മാര്‍ക്ക് തിരക്കോട് തിരക്കാണ്. സേവ് ദി ഡേറ്റ് ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കുന്ന വിവാദങ്ങളും ചെറുതല്ല. ഈ പരിപാടികള്‍ എത്ര മാത്രം വ്യത്യസ്തമാക്കം എന്ന ഗവേഷണത്തിലാണ് കല്യാണ ചെക്കനും പെണ്ണും പിന്നെ ക്യാമറ ടീമുകളും. അത്തരത്തില്‍ ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട് കാരണം വരന്റെയും വധുവിന്റെയും ജീവന്‍ തന്നെ നഷ്ടമായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

മൈസൂര്‍ ആണ് സംഭവം. കാവേരി നദിയില്‍ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ഷൂട്ട് നടന്ന കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു. യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

മൈസുരുവില്‍ സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രു (28), ഭാവി വധു ശശികല (20) എന്നീ ദമ്പതികളാണ് കാവേരി നദിയില്‍ മുങ്ങിമരിച്ചത്. മൈസുരു സ്വദേശികളാണ് ഇരുവരും. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. നവംബര്‍ 22നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. കാവേരി നദിയുള്ള തലക്കാട് എത്തിയ ഇവര്‍ അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ നിന്നും ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നു. എന്നാല്‍ ബോട്ട് റിസോര്‍ട്ടിലെ അതിഥികള്‍ക്കു മാത്രമാണെന്ന് റിസോര്‍ട്ട് ഉടമകള്‍ പറഞ്ഞു.

തുടര്‍ന്ന്, ഇവര്‍ ഒരു വള്ളം സംഘടിപ്പിച്ച് പുഴയിലേക്ക് പോവുകയായിരുന്നു. ഇവരോടൊപ്പം വഞ്ചിക്കാരനും രണ്ട് ബന്ധുക്കളും ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. തുടര്‍ന്ന് വരനും വധുവും മാത്രം വഞ്ചിക്കാരനോടൊപ്പം വള്ളത്തില്‍ നദിയിലിറങ്ങി. 15 മീറ്ററോളം വള്ളം മുന്നോട്ട് നീങ്ങിയപ്പോഴേക്കും വരന്‍ എഴുന്നേറ്റ് നിന്നത് വള്ളം മറിയാനിടയാക്കി. ഇരുവര്‍ക്കും നീന്താനറിയില്ലായിരുന്നു. എന്നാല്‍, വഞ്ചിക്കാരന്‍ നീന്തിരക്ഷപ്പെട്ടു. ലൈഫ് ജാക്കറ്റ് ഒന്നും ഇല്ലാതെയാണ് ഇവര്‍ വഞ്ചിയില്‍ കയറിയതും.