കെട്ടാച്ചരക്കുകള്‍
സി.വി അബ്രഹാം
കൂടെ കൂട്ടാനൊരു ജീവിത സഖിയെ തേടിയുള്ള അനേഷണം വഴിമുട്ടിയപ്പോളാണ് കോട്ടയം, കാണക്കാരി സ്വദേശി അനീഷ് സെബാസ്റ്റ്യന്‍ ആ കടും കൈ ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ ഫോട്ടോ വച്ചുള്ള ഒരു ഫ്‌ളക്‌സ് സ്വന്തം തടിക്കടയുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അദ്ദേഹം പെണ്ണന്വേഷിച്ചിറങ്ങി. മറ്റൊരര്‍ത്ഥത്തില്‍ സ്വയം വില്‍പനയ്ക്കു വച്ചു.
ഏതാനും വര്‍ഷങ്ങളായി വിവാഹ ദല്ലാളുമാരും ഏജന്‍സികളുമൊക്കെ ശ്രമിച്ചെങ്കിലും സ്വന്തമായി തടിക്കച്ചവടം നടത്തിയിരുന്ന സെബാസ്റ്റ്യനെ വിവാഹം ചെയ്യാന്‍ ഒരുക്കമുള്ള ഒരു പെണ്ണിനെ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഇണയെ കണ്ടെത്താനുള്ള അവസാന ശ്രമമായിട്ടാണ് സെബാസ്റ്റ്യന്റെ ഫ്‌ളക്‌സ് ഉയരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരന്ന കൗതുകമുണര്‍ത്തിയ ഈ വാര്‍ത്ത പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
സുമുഖനും, ആരോഗ്യവാനും സ്വന്തമായി ബിസ്‌നസ്സ് നടത്തുന്നവനുമായ ഒരുവന് പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടെന്നോ? സ്ത്രീധനം കൊടുക്കാന്‍ ബുദ്ധിമുട്ടിയും, സ്വഭാവ ദൂഷ്യം ആരോപിച്ചും നക്ഷത്രങ്ങളുടെ ചതിയില്‍പ്പെട്ടും പെണ്‍കുട്ടികള്‍ വരനെ തേടി അലയുന്നതും വിവാഹം നീണ്ടു പോകുന്നതുമൊക്കെ നമുക്ക് സുപരിചിതമാണ്, എന്നാല്‍ സെബാസ്റ്റ്യനെ പോലെയുള്ള ഒരുവന് ഒരു പെണ്ണ് കിട്ടാനില്ലെന്നത് ഒറ്റപ്പെട്ട സംഭവമാണോ, അതോ അതിശയോക്തി കലര്‍ത്തിയ വാര്‍ത്തയോ? ഇതു രണ്ടുമല്ല, വികസിത കേരളത്തില്‍ ഇന്നു നില നില്‍ക്കുന്ന, പച്ചയായ യാഥാര്‍ഥ്യമാണിത്.
7-8 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ജോണിയെ ഞാന്‍ പരിചയപ്പെടുന്നത്. പുതുതായി വച്ച റബ്ബര്‍ തോട്ടത്തില്‍ കൈതക്കൃഷി നടത്താന്‍ ഏറ്റത് ജോണിയും അയാളുടെ സുഹൃത്തും കൂടിയായിരുന്നു. ഡല്‍ഹിയില്‍ സ്വന്തമായി ചെറിയ കച്ചവടം നടത്തിയിരുന്ന ജോണിയുടെ, കടയ്ക്കു തീ പിടിച്ചു നശിച്ചതുകൊണ്ടാണ് അവന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോന്നത്.
രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചയച്ചു. അമ്മയും ജോണിയും മാത്രമേ വീട്ടിലുള്ളു. സാമാന്യം തരക്കേടില്ലാത്ത വീടും കുറച്ചു സ്ഥലവും സ്വന്തമായുണ്ട്. അവിടെ കൃഷി ചെയ്തും റബ്ബര്‍ കടും വെട്ടും കൈതക്കൃഷിയുമൊക്കെ കരാറിനേറ്റു നടത്തിയും സാമാന്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയാണ് ജോണിയ്ക്കുള്ളത്. വീട്ടില്‍ അമ്മയും ജോണിയും തനിച്ചായതോടെ 35 കാരനായ ജോണി കല്യാണം കഴിക്കാന്‍ തീരുമാനിച്ചു.
കണ്ടാല്‍ തെറ്റു പറയാന്‍ പറ്റാത്ത, ആരോഗ്യവാനായ, അദ്ധ്വാനിയായ ജോണിയ്ക്കു ഡല്‍ഹി ജീവിതം സമ്മാനിച്ചതായിരുന്നു കഷണ്ടി. മറ്റൊരു കുറവും അവനെ പറ്റി പറയാനില്ല. കഷണ്ടിയും നരയും ഇക്കാലത്ത് ഒരു കുറവായി കാണാന്‍ പറ്റുമോ? ബ്രോക്കര്‍ മാരുടെ കൂടെ പല വീടുകളിലും പെണ്ണന്വേഷിച്ചു പോയി. ഒന്നും അങ്ങ് ശരിയായില്ല. ജോലിയില്ലാത്ത ചെറുക്കനെ കെട്ടാന്‍ ആരും വലിയ താല്പര്യം കാട്ടിയില്ല. പോരെങ്കില്‍ പ്രായമായി വരുന്ന ഒരമ്മയാണ് വീട്ടിലുള്ളത്.
കഴിഞ്ഞ വര്‍ഷം ജോണിയെ കണ്ടപ്പോള്‍, കല്യാണമൊക്കെ കഴിഞ്ഞു കാണുമല്ലോ അല്ലെ എന്ന എന്റെ കുശലാന്വേഷണത്തിനുള്ള മറുപടി ഓ, ഒന്നുമായില്ല സാറേ – ഞാന്‍, ഇനി കല്യാണം വേണ്ടെന്നു തീരുമാനിച്ചു, പെണ്ണ് തേടി നടന്നു മടുത്തു. ജോണിയുടെ വീട് കണക്കാരിയില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഒരു ഗ്രാമത്തിലാണ്. 43 കാരനായ അവന്‍ ഇപ്പോളും അവിവാഹിതനായി കഴിയുന്നു. അവധിക്കു ചെല്ലുമ്പോള്‍, നെടുമ്പാശ്ശേരിയില്‍ നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയിലാണ് 70 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്കു സാധാരണ പോകാറുള്ളത്. നാട്ടില്‍ നിന്നും ടാക്‌സിക്കാരന്‍ വന്നു കാത്തു കിടക്കുന്നതിലും സൗകര്യം അതാണ്. ഇറങ്ങുമ്പോള്‍ തന്നെ നമ്മുടെ ഇഷ്ടത്തിനുള്ള ടാക്‌സിയില്‍ കയറി യാത്ര തുടരാം. ടാക്‌സിക്കാരനില്‍ നിന്നും നാട്ടു വിശേഷങ്ങളും രാഷ്ട്രീയവും സിനിമ വിശേഷവും എല്ലാം ചോദിച്ചറിയും. ചിലര്‍ അവരുടെ കുടുംബ വിശേഷങ്ങളും വ്യക്തിപരമായ കാര്യങ്ങളുമൊക്കെ ഈ യാത്രക്കിടയില്‍ പങ്കു വയ്ക്കും.
2019 ലെ യാത്രയില്‍, ടാക്‌സി ഡ്രൈവര്‍ഒരു ചെറുപ്പക്കാരനായിരുന്നു. 26 വയസ്സ് പ്രായം. പറഞ്ഞു വന്നപ്പോള്‍ അവന്റെ കല്യാണത്തെപ്പറ്റി യും സംസാരിച്ചു. ടാക്‌സി ഡ്രൈവറിന്റെ ഭാര്യയായി വരാന്‍ തയാറുള്ള പെണ്‍കുട്ടികള്‍ കുറവാണത്രേ! എല്ലാവര്‍ക്കും വേണ്ടത് സ്ഥിരം ജോലിയുള്ളവരെ, അതും സര്‍ക്കാര്‍ ജോലിയെങ്കില്‍ നല്ലത്.
അടുത്ത ചാന്‍സ് ഗള്‍ഫ് കാരനാണ്. എങ്ങിനെയും ഒരു വിസ സംഘടിപ്പിച്ചു ഗള്‍ഫില്‍ പോകാനും അതിനു ശേഷം കല്യാണം കഴിക്കാനും കാത്തിരിക്കയാണ് ടാക്‌സി ഡ്രൈവര്‍.
കല്യാണം കഴിഞ്ഞു തിരിച്ചു പോന്നാലും കുഴപ്പമില്ല, കല്യാണ സമയത്തു ഗള്‍ഫു കാരനായിരിക്കണം.
കോട്ടയം കാരനായ എന്റെ സുഹൃത്തിന്റെ ഇളയ അനുജനു വേണ്ടി പെണ്ണന്വേഷിക്കയാണ്. ജോലിയുണ്ട്, തറവാട് അവനാണ്, സാമ്പത്തികവും നല്ലത്. വീട്ടില്‍ അപ്പനും അമ്മയും (70 വയസ്സ് കഴിഞ്ഞവര്‍), 93 വയസ്സുകാരി വലിയമ്മയുമുണ്ട്. വലിയമ്മയുടെ 97 വയസ്സുള്ള ജ്യേഷ്ഠത്തിയും, 90 വയസ്സുള്ള അനുജത്തി യും പൂര്‍ണ ആരോഗ്യത്തോടെ അവരവരുടെ വീടുകളില്‍ സുഖമായി കഴിയുന്നു.
ഒരു വര്‍ഷത്തിലേറെ അന്വേഷിച്ചു നടന്നിട്ടാണ് അവന്റെ കല്യാണം നടന്നത്. വയസ്സു ചെന്ന മൂന്നു പേരുള്ള വീട്ടിലേയ്ക്കു പെണ്‍കുട്ടിയെ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ക്കു താല്‍പര്യക്കുറവ്. അവരൊക്കെ ഇനി എത്ര കാലം കുടി ജീവിച്ചിരിക്കുമെന്നു പറയാന്‍ പറ്റില്ലല്ലോ? കൂടുതല്‍ നാളിരുന്നാല്‍ മകള്‍ക്കു ബുദ്ധിമുട്ടാകില്ലേ?!
കേരളത്തിലെ പെണ്‍കുട്ടികളുടെ ഭാവി വരന്‍ സങ്കല്പങ്ങളൊക്കെ വാണിജ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
ഒരു സാധാരണ കൃഷിക്കാരന്റെ യോ, കൂലിപ്പണിക്കാരന്റെയോ, ടാക്‌സി ഡ്രൈവറിന്റെയോ ഒന്നും ജീവിതസഖിയാകാന്‍ ഒരു മാതിരി പെകുട്ടികളൊന്നും ഇന്നു ധൈര്യപ്പെടുന്നില്ല. ഇവരുടെയൊന്നും വരുമാനം ബ്യുട്ടിപാര്‍ലറുകളും, ആധുനികതകളും അടക്കി വാഴുന്ന, ഇന്നിന്റെ സൗന്ദര്യ സങ്കല്പങ്ങള്‍ പേറി നടക്കുന്ന പെണ്‍കുട്ടികളുടെ, ഒരു ദിവസത്തെ ചിലവിനു പോലും തികയില്ലെന്ന തിരിച്ചറിവു തന്നെയാണ് അതിനു കാരണം. ജോലി യുള്ള പെണ്‍കുട്ടികള്‍ക്ക് മുകളില്‍ പറഞ്ഞ വിഭാഗങ്ങളിലുള്ളവരെയൊന്നും പരിഗണിക്കേണ്ട തായി വരുന്നില്ല. അവര്‍ ജോലിയുള്ള, അതും സര്‍ക്കാര്‍ ജോലി യുള്ള ആരെയെങ്കിലുമായിരിക്കും തേടിപ്പോവുക.
തെറ്റു കൂടാതെ സ്വന്തം പേരെഴുതാന്‍ പോലും അറിയില്ലാത്തവര്‍ക്കു വരെ പത്താം ക്ലാസ്സു ജയിച്ചു കയറാന്‍ സാഹചര്യമുള്ളപ്പോള്‍ മിക്കവരും തന്നെ പ്ലസ് ടു വും അതു കഴിഞ്ഞു വീട്ടിലിരുന്നു ബോറടിക്കാതിരിക്കാന്‍ ഏതെങ്കിലുമൊക്കെ സമയം കൊല്ലി കോഴ്‌സുകളുമായി കല്യാണപ്രായമെത്തും. ഇക്കാലമത്രയും സിനിമാ താരങ്ങളെയും മോഡലുകളെയും ഒക്കെ അനുകരിച്ചും അവരെപ്പോലെയാവാന്‍ പര്യസ്യങ്ങളില്‍ കാണുന്ന സൗന്ദര്യ വര്‍ധക ഉപാധികള്‍ തരപ്പെടുത്തിയും വിലസി നടക്കുന്നവര്‍ക്ക് സ്ഥിര വരുമാനമില്ലാത്തവരെയോ സാധാരണ ജോലി ചെയ്യുന്നവരെയോ ഭര്‍ത്താവായി കാണുക ഊഹിക്കാന്‍ പോലും സാധ്യമല്ല.
പൈസ കൂടുതല്‍ കിട്ടിയാലും ശരീരം വിയര്‍ക്കുന്ന ജോലികള്‍ ചെയ്യാന്‍ ആര്‍ക്കുംതാല്പര്യമില്ല. വളരെ തുച്ഛമായ ശമ്പളത്തിലാണെങ്കിലും ചെറിയ ചെറിയ ജോലികള്‍ക്കായി അണിഞ്ഞൊരുങ്ങി രാവിലെ പോകാനും പാറിപ്പറന്നു നടക്കാനും വൈകിട്ടു കുടണയാനുമൊക്കെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ഷക കുടുംബങ്ങളിലേയ്ക്കും, കര്‍ഷക തൊഴിലാളികളുടെ കുടുബങ്ങളിലേക്കുമൊക്കെ വധുക്കളായെത്തുന്നവര്‍ രണ്ടാം ദിവസം പറമ്പിലും പാടത്തുമൊക്കെ ഭര്‍ത്താവുമൊത്തു പണിക്കിറങ്ങിയിരുന്നത് പോയ കാലത്തിന്റെ സംസ്‌കാരമായിരുന്നു. വിയര്‍പ്പു പൊടിയുന്ന ശരീരങ്ങള്‍ ആര്‍ക്കും ഇന്നു വേണ്ടാതായിരിക്കുന്നു.
അണു കുടുംബങ്ങളില്‍ അലച്ചിലാറിയാതെ വളര്‍ന്ന പെണ്‍കുട്ടികള്‍ ചെന്നു കയറുന്ന വീട്ടില്‍, പ്രായമായവര്‍ ഇല്ലെന്നുറപ്പു വരുത്തിയിട്ടാണ് പലരും ആലോചനകള്‍ മുന്‍പോട്ടു കൊണ്ടു പോകുന്നതു തന്നെ. മക്കളോടുള്ള അമിതമായ കരുതല്‍ നമ്മളെ എങ്ങോട്ടേയ്ക്കാണ് നയിക്കുന്നത്?