ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആവശ്യമായ അനുമതികള്‍ക്കായി, കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടലുകള്‍ നടത്തുക
ദമ്മാം: കോവിഡ് മഹാമാരി കാരണം, ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് മൂലം, അവധിയ്ക്ക് നാട്ടില്‍ പോയ പതിനായിരക്കണക്കിന് പ്രവാസികളാണ് തിരികെ വരാനാകാതെ കുടുങ്ങി കിടക്കുന്നത്. പലരുടെയും വിസ, ഇക്കാമ കാലാവധികള്‍ അവസാനിയ്ക്കാന്‍ പോകുകയും, ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥയെ നേരിടുകയുമാണ്. മറ്റുള്ള രാജ്യക്കാര്‍ക്കെല്ലാം തിരികെ വരാന്‍ അവസരം ലഭിച്ചിട്ടും, ഇന്ത്യന്‍ പ്രവാസികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായിപ്പോലും തിരികെ വരാന്‍ കഴിയാത്ത അവസ്ഥയാണ്. യു.എ.ഇ യില്‍ പോയി രണ്ടാഴ്ച കൊറന്റൈന്‍ ഇരുന്ന ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൗദിയിലേക്ക് വരുക എന്ന വഴി മാത്രമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉള്ളത്. എന്നാല്‍ ഇത് വളരെ പണച്ചിലവുള്ള കാര്യം ആയതിനാല്‍, പാവപ്പെട്ട പ്രവാസികള്‍ക്ക് അതിനും കഴിയുന്നില്ല. ഈ വസ്തുതകള്‍ കണക്കിലെടുത്ത്, നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ മടങ്ങിവരവിന് വേണ്ടി, ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസുകള്‍ പുനഃരാരംഭിയ്ക്കുവാന്‍ ആവശ്യമായ അനുമതികള്‍ക്കായി, കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നു നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം അദാമ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിസ്സാം കൊല്ലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാമ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി എം.എ. വാഹിദ് ഉത്ഘാടനം ചെയ്തു. യൂണിറ്റ് സെക്രെട്ടറി തമ്പാന്‍ നടരാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍, കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം എന്നിവര്‍ അഭിവാദ്യ പ്രസംഗങ്ങള്‍ നടത്തി. നവയുഗം ദമ്മാം മേഖല പ്രസിഡന്റ് ഗോപകുമാര്‍ സ്വാഗതവും, സാബു എസ് നന്ദിയും പറഞ്ഞു.
പുതിയ യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷിബു (രക്ഷാധികാരി), സാബു എസ് (പ്രസിഡന്റ്), രാജ്കുമാര്‍, ഷീബ സാജന്‍ (വൈസ് പ്രസിഡന്റുമാര്‍), തമ്പാന്‍ നടരാജന്‍ (സെക്രട്ടറി), സുരേഷ് കുമാര്‍, മധു കുമാര്‍ (ജോയിന്റ് സെക്രെട്ടറിമാര്‍), ഫിറോസ് (ട്രെഷറര്‍) എന്നിവരെയും, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ആദില്‍ മുഹമ്മദ്, ഷിബു.എസ്.ബി, വിപിന്‍ നായര്‍, സത്യന്‍, മുഹമ്മദ് ഹാജി, സെന്തില്‍കുമാര്‍, സജിത്ത്, വിനീഷ്, വിജയ്, അമീന്‍, സനല്‍ സോമന്‍, നൗഫല്‍, പ്രതാപ് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.