സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വാഹനങ്ങള്‍ തീയിട്ടു ; ദുര്‍ മന്ത്രവാദി പിടിയില്‍

കൊല്ലം ശൂരനാടിനടുത്ത് പോരുവഴിയിലായിരുന്നു സംഭവം.സമയദോഷം മാറ്റാന്‍ അയല്‍വാസിയുടെ വീട്ടുമുറ്റത്തിരുന്ന വാഹനങ്ങള്‍ കത്തിച്ച പോരുവഴി വടക്കേമുറി സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. നാട്ടില്‍ ദുര്‍മന്ത്രവാദവുമായി നടക്കുന്ന രാജേന്ദ്രന്‍ സാമ്പത്തികമായി മോശമായ നിലയിലായിരുന്നു. തന്റെ വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണം അയല്‍ക്കാരനായ അനില്‍ കുമാറാണെന്ന് കരുതിയാണ് രാജേന്ദ്രന്‍ ഇക്കഴിഞ്ഞ വെളളിയാഴ്ച പുലര്‍ച്ചെ അനില്‍കുമാറിന്റെ വീട്ടുമുറ്റത്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്.

സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് രാജേന്ദ്രനാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ഉണ്ടായ കാര്യങ്ങള്‍ രാജേന്ദ്രന്‍ പൊലീസിനോട് വിശദീകരിച്ചു. ശൂരനാട് ഇന്‍സ്പെക്ടര്‍ എ ഫിറോസും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദുര്‍ മന്ത്രവാദം ജീവിതോപാധിയാക്കിയിരുന്ന ഇയാള്‍ക്ക് കൊറോണ ലോക്ക് ഡൌണ്‍ എന്നിവ കാരണം പൂജാ കര്‍മ്മങ്ങള്‍ അധികമായി ലഭിച്ചിരുന്നില്ല.