അര്‍ണാബ് ഗോസാമിക്ക് ജാമ്യം ; ഉടന്‍ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി
മഹാരാഷ്ട്ര പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 2018 ല്‍ ആര്‍ക്കിടെക്റ്റ് അന്‍വേ നായിക്കിന്റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണാബ് ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞയാഴ്ച മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യം പരിഗണിക്കുന്നതിനിടെ മാഹാരാഷ്ട്ര സര്‍ക്കാരിന്റെ അറസ്റ്റ് നടപടിയെ കോടതി വിമര്‍ശിച്ചു. അന്വേഷണവുമായി അര്‍ണാബ് സഹകരിക്കണമെന്നും കോടതി പറഞ്ഞു. അര്‍ണാബ് ഉള്‍പ്പെടെ മൂന്നുപേരുടെയും മോചനം രണ്ടു ദിവസത്തിലധികം വൈകാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് അര്‍ണാബിനു വേണ്ടി ഹാജരായത്. ജയിലിലടയ്ക്കാന്‍ അര്‍ണാബ് ഗോസ്വാമി തീവ്രവാദിയാണോയെന്ന് സാല്‍വെ ചോദിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടോ? എന്തുകൊണ്ട് അദ്ദേഹത്തിന് ജാമ്യം നല്‍കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.
പണം നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അന്‍വേ നായികിന്റെ ആഥ്മഹത്യാ കുറിപ്പില്‍ അര്‍ണാബിന്റെ പേരുണ്ടെന്ന് മുംബൈ പോലീസ് വാദിച്ചു. നായിക്കിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. നായിക്കിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് പോലീസും മഹാരാഷ്ട്ര സര്‍ക്കാരും കോടതിയില്‍ പറഞ്ഞു. എന്നാല്‍ ജാമ്യം നിഷേധിക്കുന്നത് നീതിയുടെ ലംഘനമല്ലേയെന്ന് കോടതി ചോദിച്ചു. ‘ ഞാന്‍ ചാനല്‍ കാണുന്നില്ല, നിങ്ങളുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാകാം അത്. പക്ഷേ ഭരണഘടനാ കോടതികള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാതിരിക്കാനാകില്ല’- ജസ്റ്റിസ് ഡി.വെ ചന്ദ്രചൂഡ് പറഞ്ഞു.
”സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തികളെ ലക്ഷ്യം വയ്ക്കുകയാണെങ്കില്‍, അവരുടെ വാതന്ത്ര്യം സംരക്ഷിക്കാന്‍ സുപ്രീം കോടതി ഉണ്ടെന്ന് മനസ്സിലാക്കണം. വ്യക്തി സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഹൈക്കോടതികള്‍ അധികാരപരിധി വിനിയോഗിക്കണം,” സുപ്രീം കോടതി പറഞ്ഞു. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് അര്‍ണാബ് ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. ചാനലിന്റെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേയ് നായിക്കും അമ്മയും ജീവനൊടുക്കിയ കേസില്‍ ഈ മാസം നാലിന് അറസ്റ്റിലായ അര്‍ണാബ് 18 വരെ റിമാന്‍ഡിലാണ്. അര്‍ണാബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ഹൈക്കോടതി കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്.