ബാലഭാസ്‌കറിന്റെ മരണം ; കലാഭവന്‍ സോബി പറഞ്ഞത് കള്ളം എന്ന് സി ബി ഐ
അന്തരിച്ച യുവ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ. മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ചുള്ള കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകള്‍ അടിസ്ഥാന രഹിതമാണെന്ന് സി.ബി.ഐ വിലയിരുത്തി. മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി നല്‍കിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലത്തില്‍ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ ആയിരുന്ന അര്‍ജുനും പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞതായും സിബിഐ പറഞ്ഞു.
അപകട സമയം വണ്ടി ഓടിച്ചത് ബാലഭാസ്‌ക്കര്‍ ആണെന്ന അര്‍ജുന്റെ മൊഴി കള്ളമാണെന്ന് തെളിഞ്ഞെന്ന് സിബിഐ പറഞ്ഞു. അതുപോലെ കലാഭവന്‍ സോബിയും പല ഘട്ടങ്ങളിലും ടെസ്റ്റിനോട് സഹകരിച്ചില്ലെന്നും സിബിഐ പറഞ്ഞു. കഴിഞ്ഞ മാസമാണ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാലുപേരെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിന്‍ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്‌കറിന്റെ വണ്ടി അപകടത്തിന് മുന്‍പ് ആക്രമിക്കപെട്ടുവെന്ന വാദവും തെറ്റാണെന്നു അന്വേഷണ സംഘം കണ്ടെത്തി.
മാനേജര്‍ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരെ കഴിഞ്ഞ മാസമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. സോബിയെ രണ്ടുതവണ നുണപരിശോധനയ്ക്ക് വിധേയനാക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതില്‍നിന്നും ഇതൊരേ അപകടമരണമാണ് എന്ന നിഗമനത്തില്‍ എത്താനാണ് കഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ നിന്നും അപകടസമയം വാഹനം ഓടിച്ചത് അര്‍ജുന്‍ ആണെന്ന് വ്യക്തമായതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വരണക്കടത്ത് കേസിലെ പ്രതികളാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നിലുണ്ടോയെന്ന് സിബിഐ അന്വേഷിക്കുന്നുണ്ട്.
ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞ് അച്ഛന്‍ കെ സി ഉണ്ണിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംശയമുള്ളവരുടെ മൊഴികള്‍ എടുത്തിരുന്നു. ശേഷം നടത്തിയ നുണപരിശോധനയ്ക്ക് ശേഷമാണ് മരണത്തില്‍ ദുരൂഹത ഒന്നും കണ്ടെത്താനായില്ല എന്ന റിപ്പോര്‍ട്ട് സിബിഐ സമര്‍പ്പിച്ചത്.