ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയ തൂങ്ങി മരിച്ച നിലയില്‍
പ്രമുഖ ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തല്‍. പൊലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് ബസ്‌റ. കാവോ, പെ ചെ, പര്‍സാനിയ, ബ്ലാക്ക് ഫ്രൈഡേ എന്നീ ഹിന്ദി സിനിമകളിലും ഔട്ട്‌സോഴ്‌സ് എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു. പതാല്‍ ലോക്, വൊ, ഹോസ്റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അമരാവതിയില്‍ ജനിച്ച ആസിഫ് 1989ല്‍ മുബൈയിലേക്ക് ചേക്കേറുകയായിരുന്നു. ബി.എസ്.സി ഫിസിക്‌സ് പഠനത്തിന് ശേഷം നാടകനടനായാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. ഏറ്റവും അവസാനമായി ആസിഫ് അഭിനയിച്ചത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബിഗ് ബ്രദര്‍ സിനിമയിലാണ്.