തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്ക് പിന്നാലെ യുഎസില്‍ കോവിഡ് വ്യാപനം രൂക്ഷം
തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ ഒതുങ്ങിയ അമേരിക്കയില്‍ കൊറോണ വൈറസിന്റെ താണ്ഡവം വീണ്ടും രൂക്ഷമാകുന്നു. ഒന്നരലക്ഷത്തോളം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി 1,45,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയിലെ ആകെ കേസുകള്‍ 10,238,243 ആയിട്ടുണ്ട്. 1535 പേര്‍ക്കാണ് ഒറ്റദിവസം കൊണ്ട് ജീവഹാനി സംഭവിച്ചത്. ഇതോടെ ഇതുവരെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 2,47,290 ആയിട്ടുണ്ട്. ഇത്രയധികം കോവിഡ് മരണങ്ങള്‍ കുറച്ചു നാളുകള്‍ക്ക് ശേഷം ഇപ്പോഴാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 60000 കടന്നു, 1661 പേരെയാണ് ശരാശരി ഇപ്പോള്‍ പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായി 5 ദിവസങ്ങളില്‍ ആയിരത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ചൊവ്വാഴ്ച 1300 ല്‍ അധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇടയ്ക്ക് കേസുകള്‍ കുറച്ച് കുറഞ്ഞിരുന്നതാണ്. ഇതിനിടയില്‍ വര്‍ഷാവസാനത്തോടെ കേസുകള്‍ ദിനംപ്രതി 10 ലക്ഷ്യമായി ഉയര്‍ന്നേക്കാമെന്നാണ് പാന്‍തണ്‍ മാക്രോഇക്കണോമിക്‌സ് ഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്യുന്നത്.