വികസ്വരരാജ്യങ്ങള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ നിര്‍മ്മാണം ; ഇന്ത്യ രംഗത്ത്
വികസ്വര രാജ്യങ്ങള്‍ക്ക് പ്രാപ്യമായ വാക്‌സിന്‍ ആര് നിര്‍മ്മിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയായിരിക്കുമെന്ന് അമേരിക്കന്‍ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിനില്‍ രാജ്യം മാത്രമല്ല, പ്രതീക്ഷയര്‍പ്പിക്കുന്നത്, മറിച്ച് ലോകത്തെ ഒട്ടനവധി വികസ്വരരാജ്യങ്ങളും ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 25 കോടി ഡോളറാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയായ അഡാര്‍ പൂനെവാല നിക്ഷേപിച്ചിരിക്കുന്നത്. വാക്‌സിന്‍ വികസിപ്പിക്കുന്നത് ഒരു പന്തയം പോലെയാണ്. വികസ്വര രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ പോകുന്നത് ഇന്ത്യയായിരിക്കുമെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വികസിത രാജ്യങ്ങള്‍ ഇതിനകം തന്നെ ലഭ്യമായ വാക്‌സിന്‍ വിതരണത്തിന്റെ വലിയൊരു ഭാഗം ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, കാനഡ എന്നിവ അവരുടെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കാന്‍ തയ്യാറായി കഴിഞ്ഞു. എന്നാല്‍ മറുവശത്ത് വികസ്വര-അവികസിതമായ 150 ലധികം രാജ്യങ്ങള്‍ വളരെ ചുരുങ്ങിയ ഡോസ് വാക്‌സിന്‍ ലഭ്യത മാത്രമാണ് ഉറപ്പാക്കിയിട്ടുള്ളത്. ഇത് ഏകദേശം 700 ദശലക്ഷം ഡോസുകള്‍ മാത്രമാണ്. വിജയകരമായി വാക്‌സിന്‍ വികസിപ്പിച്ച ഫൈസര്‍, തങ്ങളുടെ വാക്‌സിന്‍ വികസ്വര രാജ്യങ്ങളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ ചുരുങ്ങിയ കരാറുകളില്‍ മാത്രാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഫൈസറിന്റെ വാക്‌സിന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നത് വലിയ വെല്ലുവിളിയാണ്. ഇതിന് ആവശ്യമായ അതീവ ശീതീകരണ ശ്രേണി ഒരുക്കുകയെന്നത് വികസ്വരരാജ്യങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ്.
”സമ്പന്ന രാജ്യങ്ങള്‍ എല്ലാ ആളുകള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് സാധ്യമായത്ര ഡോസുകള്‍ ഉറപ്പാക്കിയിട്ടുണ്ട്, ഇതു മറ്റ് രാജ്യങ്ങളിലെ ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്” പട്ടിണിക്കെതിരെ പോരാടുന്ന പ്രമുഖ എന്‍ജിഒയായ ഓക്‌സ്ഫാം അമേരിക്കയിലെ മുതിര്‍ന്ന ഉപദേശകന്‍ നിക്കോളാസ് ലൂസിയാനി പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളാകുന്നത് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍, ഇന്ത്യ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്ക് മിതമായ നിരക്കില്‍ രോഗപ്രതിരോധ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുമെന്ന് ഡ്യൂക്ക് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നൊവേഷന്‍ സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ്രിയ ടെയ്ലര്‍ പറഞ്ഞു.
കോവിഡിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന പ്രഖ്യാപനം ലോകത്തിന് നല്‍കിയ പ്രതീക്ഷ ചെറുതായിരുന്നില്ല. എന്നാല്‍ ഈ വാക്‌സിന്‍ ശേഖരിക്കുന്നതിന് അതീവ ശീതീകരണ ശ്രേണി ഒരുക്കണമെന്നും, ഇത് വികസ്വര രാജ്യങ്ങള്‍ക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ആണ് ഇന്ത്യയുടെ പേര് മുന്നില്‍ വരുന്നത്.