സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുമ്പോഴും വിവാദങ്ങള്‍ ബാക്കിയാക്കി കോടിയേരി

സ്ഥാനം ഒഴിയുമ്പോഴും കോടിയേരി ബാലകൃഷ്ണന് വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. സ്വന്തം മക്കള്‍ മൂലമാണ് ഇത്തവണ കോടിയേരിയുടെ സ്ഥാനം തെറിച്ചത് എന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുമ്പോഴും സി പി എം അത് ഇപ്പോഴും എതിര്‍ക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണ വന്നപ്പോള്‍ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരെ വന്നു. വ്യക്തി എന്ന നിലയില്‍ ആരോപണങ്ങളൊന്നും കോടിയേരി ബാലകൃഷ്ണന്‍ കേള്‍പ്പിച്ചിട്ടില്ല. എന്നാല്‍ രണ്ടു മക്കളും പിതാവിന് ഏറെ ചീത്തപ്പേര് ഉണ്ടാക്കി കൊടുക്കാന്‍ മത്സരിക്കുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

2015 ലാണ് കോടിയേരി ആദ്യം സിപിഐഎം സംസ്ഥാന സെക്രട്ടറിയാവുന്നത്. ആരോപണങ്ങളില്ലാതെയും പാര്‍ട്ടിയെ ഭരണത്തിലെത്തിച്ചും സെക്രട്ടറി പദത്തില്‍ ആദ്യ ഊഴം പൂര്‍ത്തിയാക്കി. 2018 ല്‍ രണ്ടാം തവണ സെക്രട്ടറിയായപ്പോള്‍ കാത്തിരുന്നത് മക്കള്‍ കൊണ്ടുവന്ന പേരുദോഷങ്ങളാണ്. മൂത്ത മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങുന്നത് 2018 ലാണ്. ദുബായ് ആസ്ഥാനമായ ജാസ് എന്ന കമ്പനി ഉടമ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി കേരളത്തിലെത്തിയതും ബിനോയ് ദുബായില്‍ കുടുങ്ങിയതും വാര്‍ത്തയായെങ്കിലും സിപിഐഎമ്മില്‍ വലിയ ചര്‍ച്ചയായില്ല. അന്ന് സംസ്ഥാന കമ്മിറ്റിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കെ. ചന്ദ്രന്‍ പിള്ള ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷനായിരുന്ന എ. വിജയരാഘവന്‍ അനുവദിച്ചില്ല.

ഇന്ന് മകനെ ചൊല്ലി കോടിയേരി ചുമതല ഒഴിയുമ്പോള്‍ പകരം വരുന്നത് അന്ന് ചര്‍ച്ച അനുവദിക്കാതിരുന്ന അതേ വിജയരാഘവനെന്നതും ശ്രദ്ധേയം. ബിനോയിയുടെ ദുബായിലെ കേസ് ഒത്തുതീര്‍ന്നതോടെ വിവാദം തീര്‍ന്നു. പക്ഷേ ഒത്തുതീര്‍പ്പിന് വേണ്ടി വന്ന കോടികള്‍ ആരു നല്‍കി എന്നത് ഇന്നും ദുരൂഹം. ചെക്ക് കേസ് ഒതുങ്ങി ഏറെക്കഴിയും മുന്പ് 2019 ല്‍ ബിനോയ്ക്കെതിരെ ബിഹാര്‍ സ്വദേശിയായ യുവതി മുംബൈ പൊലീസില്‍ നല്‍കിയ പരാതി ലൈംഗീക പീഡനം ഉന്നയിച്ചായിരുന്നു.

ബിനോയിയുമായുള്ള ബന്ധത്തില്‍ മകനുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലം കോടതി അടുത്ത വര്‍ഷം കേസ് പരിഗണിക്കുമ്പോഴേ വെളിപ്പെടുത്തു. അങ്ങനെ ആ വിവാദവും താല്‍ക്കാലികമായി ശമിച്ചു. ഏറ്റവുമൊടുവില്‍ ഇളയ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്നു കടത്തു കേസില്‍ പ്രതിയായതും ബംഗളൂരുവില്‍ ജയിലിലായതും കോടിയേരിക്ക് വാദമുഖങ്ങള്‍ നിരത്തി ന്യായീകരിക്കാവുന്നതിനും അപ്പുറമായിരുന്നു. എന്നാല്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റിന്റെ പേരില്‍ കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കേന്ദ്ര കമ്മിറ്റി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണ്. കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ വിശദീകരണം. എന്നിരുന്നാലും ഇലക്ഷന്‍ മുന്‍ നിര്‍ത്തി പ്രചാരണ പരിപാടികളില്‍ കോടിയേരി പങ്കെടുത്താല്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ക്ഷീണമാകും എന്ന് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ തന്നെ സംസാരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോടിയേരി ഇപ്പോള്‍ സ്ഥാനം ഒഴിഞ്ഞത് എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി പറയുന്നുണ്ട്.