റഷ്യന്‍ കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്
റഷ്യയുടെ കോവിഡ് 19 വാക്‌സിനായ സപുട്‌നിക് 5 ഇന്ത്യയില്‍ എത്തിയതായി റിപ്പോര്‍ട്ട്. വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിക്കാണ് ഇന്ത്യയില്‍ ഈ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്ക് ഡിസിജിഐയുടെ അനുമതി ലഭിച്ചിരിക്കുന്നത്.
കോവിഡ്19നെ പ്രതിരോധിക്കാന്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 40,000 പേരെ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായി ക്ലിനീക്കല്‍ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 20,000 പേര്‍ക്ക് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. 16,000ല്‍ അധികംപേര്‍ക്ക് ഒന്നും രണ്ടും ഡോസുകള്‍ നല്‍കിയിട്ടുണ്ട്.
മറ്റു വാക്‌സിന്‍ നിര്‍മാതാക്കളായ ഫസൈര്‍, ബയോഎന്‍ടെക് എന്നീ കമ്പനികള്‍ ഈയാഴ്ച അവരുടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇരു കമ്പനികളും 90 ശതമാനത്തിലധികം ഫലപ്രാപ്തി വാക്‌സിന് പറയുന്നുണ്ട്. ആഗസ്റ്റ് 11നാണ് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ രാജ്യമായി റഷ്യമാറിയത്. സ്പുട്നിക് വാക്സിന് രണ്ട് ഡോസാണുള്ളത്.