ഓസ്ട്രിയയില്‍ ‘പൊളിറ്റിക്കല്‍ ഇസ്ലാം’ നിരോധിച്ചേക്കും

വിയന്ന: ഈ മാസം ആദ്യം വിയന്നയില്‍ ഇസ്ലാമിക തീവ്രവാദി നടത്തിയ ഭീകരാക്രമണത്തിനു ശേഷം ഓസ്ട്രയയില്‍ തീവ്രവാദത്തിനെതിരായ ആക്രമണം ആരംഭിക്കാനും തീവ്രവാദ വിരുദ്ധ നടപടികള്‍ നടപ്പാക്കാനും ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയന്‍ മന്ത്രിസഭയില്‍ ധാരണയായി.

തീവ്രവാദത്തിനെതിരായ പോരാട്ടാത്തില്‍ ആദ്യഘട്ട നടപടിയായി നിരവധി തീവ്രഇസ്ലാം അനുഭാവികളുടെ വീടുകളിലും, സ്ഥാപങ്ങളിലും സര്‍ക്കാര്‍ വ്യാപക റെയിഡുകള്‍ നടത്തുകയും നിരവധിപേരെ അറസ്റ്റ് ചെയ്യുകയും, ലക്ഷകണക്കിന് യൂറോ കണ്ടുകെട്ടുകയും ചെയ്തു. തുടര്‍ നടപടിയെന്നോണം രാഷ്ട്രീയ ഇസ്ലാം നിരോധിക്കാനും പദ്ധതികള്‍ ആവീഴ്കരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാഷ്ട്രീയ പ്രേരിത ഇസ്ലാമിക പ്രവര്‍ത്തനങ്ങളെ തടയുന്നതിനും, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇസ്ലാമിക നിയന്ത്രണത്തിലുള്ള സംഘടനകളുടെ ലക്ഷ്യങ്ങളായ സാമൂഹിക, വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ചറിയാനും രജിസ്റ്റര്‍ ചെയ്യാനും ഓസ്ട്രിയ സര്‍ക്കാര്‍ ഇതിനോടകം നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന മോസ്‌കുകള്‍ അടച്ചുപൂട്ടാന്‍ ഓസ്ട്രിയ ഉത്തരവിടും. തീവ്ര ഇസ്ലാമിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ നിരന്തരമായി നീരിക്ഷിച്ചു നടപടികള്‍ എടുക്കും.

തീവ്രവാദ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തികളെ ജീവപര്യന്തം തടവിലാക്കാനുള്ള ഉത്തരവ്, മോചിതരായ ശേഷം ഭീകരതയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് വീണ്ടും ശിക്ഷിക്കപ്പെട്ടവരുടെ സ്ഥിരമായ നിരീക്ഷണം (ഡിജിറ്റല്‍ ട്രാക്കിംഗ്), മതപരമായ അല്ലെങ്കില്‍ തീവ്ര മത പ്രേരിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കടുത്ത ശിക്ഷാനടപടികളില്‍ ഉള്‍പ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ക്ക് കുര്‍സിന്റെ മന്ത്രിസഭ തത്വത്തില്‍ സമ്മതിച്ചു.

‘തീവ്രവാദികളെ മാത്രമല്ല, മറിച്ച് അവര്‍ക്ക് പ്രജനന കേന്ദ്രം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വേണ്ടി ഞങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കും”, സെബാസ്റ്റ്യന്‍ കുര്‍സ് മന്ത്രിസഭാ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. ഭീകരവാദികളെയും അവരെ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെയും തടയിടാന്‍ അടുത്ത മാസം ഈ വിഷയത്തില്‍ ഒരു പ്രമേയം വോട്ടിനിടുമെന്നു ചാന്‍സലര്‍ കുര്‍സ് പറഞ്ഞു.