കോവിഡ് രോഗിയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്കു മുന്നില്‍ പ്രസവിച്ചു
കോവിഡിന്റെ പേരില്‍ ജനങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്ന പ്രവണത അടുത്ത കാലത്തായി നാം സ്ഥിരം വാര്‍ത്താ മാധ്യമങ്ങളില്‍ വായിച്ചു അറിയുന്ന ഒന്നാണ്. ധാരാളം ജീവനുകള്‍ ഇത്തരത്തില്‍ പൊലിയുകയും ചെയ്തു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സ നിഷേധിച്ചു ഗര്‍ഭിണിയായ യുവതി ആശുപത്രിക്ക് മുന്നിലെ പൊതുനിരത്തില്‍ പ്രസവിച്ചു. ശ്രീനഗറില്‍ ആണ് സംഭവം.
കശ്മീരിലെ വൂവാന്‍ ഗ്രാമത്തില്‍ നിന്നുള്ള യുവതിക്ക് പ്രസവവേദന ശക്തമായതോടെയാണ് ബന്ദിപ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലെത്തിച്ച യുവതിക്ക് കോവിഡ് ഉള്‍പ്പെടെ നിര്‍ബന്ധിത പരിശോധനകള്‍ നടത്തി. ഇതിലാണ് യുവതി കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായത്.
ഇതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിയെ ചികിത്സിക്കാന്‍ വിസമ്മതിക്കുകയും ബന്ദിപ്പൂറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹാജിന്‍ പ്രദേശത്തെ കോവിഡ് പ്രത്യേക ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കടുത്ത വേദനയുണ്ടായതോടെ യുവതി ആശുപത്രിയുടെ ഗേറ്റിനടുത്ത് പ്രസവിക്കുകയായിരുന്നു. പലതവണ അപേക്ഷിച്ചിട്ടും ഒരു ഡോക്ടര്‍ പോലും തിരിഞ്ഞു നോക്കിയില്ല എന്ന് കുടുംബം ആരോപിച്ചു. വഴിയാത്രക്കാരായ ചിലരാണ് യുവതിയെ പ്രസവത്തിന് സഹായിച്ചത്.
അതേസമയം സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. യുവതിക്ക് ചികിതിസ നിഷേധിച്ച ഡോക്ടര്‍മാരുടെ ശമ്പളം തടഞ്ഞുവെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളോടെ യുവതിക്ക് പ്രസവത്തിന് സൗകര്യം ഒരുക്കാത്തതെന്തെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കി.