പാലായടക്കം നാലിടങ്ങളില്‍ ജോസ് പക്ഷത്തിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാന്‍ തയ്യാറായി സി പി ഐ

പാലാ നിയോജകമണ്ഡലത്തിലെ മൂന്നിടങ്ങളില്‍ മുന്നണി ബന്ധം വിട്ട് തനിച്ച് മത്സരിയ്ക്കുമെന്ന് സി.പി.ഐ. പാല നഗരസഭയിലെ 10 സീറ്റുകള്‍ക്കൊപ്പം, കടനാട് കരൂര്‍, അകലക്കുന്നം പഞ്ചായത്തുകളിലാണ് സി.പി.എ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിയ്ക്കുക. കഴിഞ്ഞ തവണ ഏഴു സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയെ രണ്ടു സീറ്റുകളില്‍ ഒതുക്കാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് നടത്തുന്നതെന്ന് സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് പറഞ്ഞു.

കഴിഞ്ഞ തവണ 17 സീറ്റുകളില്‍ ജയിച്ച കേരള കോണ്‍ഗ്രസില്‍ നിന്ന് 7 പേര്‍ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. ഈ സാഹചര്യത്തില്‍ 10 സീറ്റുകളില്‍ മാത്രം അവകാശവാദമുന്നയിക്കാനാണ് കേരള കോണ്‍ഗ്രസിന് അര്‍ഹതയുള്ളതെന്നും സണ്ണി ഡേവിഡ് പറയുന്നു. പാലാ നഗരസഭയില്‍ നാലു സീറ്റുകളാണ് സി.പി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടു സീറ്റുകള്‍ മാത്രമെ വിട്ടു നല്‍കൂ എന്ന് ജോസ് പക്ഷം നിലപാടെടുത്തു. കേരള കോണ്‍ഗ്രസ്- 17, സി.പി.എം- 6, സി.പി.ഐ- രണ്ട്, എന്‍.സി.പി- ഒന്ന് എന്ന നിലയിലാണ് മുന്നണി യോഗത്തില്‍ ചര്‍ച്ച നടന്നത്.

നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ 9 വീതം സിറ്റുകളില്‍ കേരള കോണ്‍ഗ്രസും സി.പി.എമ്മും മത്സരിയ്ക്കാന്‍ ധാരണയായിരുന്നു. നാലു സീറ്റ് സി.പി.ഐയ്ക്ക് വിട്ടുനല്‍കിയിരുന്നു. മറ്റ് ഘടകക്ഷികള്‍ക്കാര്‍ക്കും ഇത്തവണ സീറ്റ് വിട്ടുനല്‍കിയിട്ടില്ല. പ്രദേശിക നേതൃത്വം മത്സരിയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ പ്രശ്നപരിഹാരത്തിനായി ഇടതു മുന്നണി ജില്ലാ നേതൃത്വം നടപടികളാരംഭിച്ചിട്ടുണ്ട്.