മതതീവ്രവാദത്തിനെതിരെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അണിനിരക്കുന്നു
ബ്രസല്‍സ്: പാരീസില്‍ നടത്തിയ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരികുന്ന ചടങ്ങുകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നടന്നു. ഭീകരവാദത്തിനെതിരേ പൊതുവായ പ്രവര്‍ത്തനപദ്ധതികള്‍ക്ക് യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യമന്ത്രിമാര്‍ രൂപംകൊടുത്തു.
ഫ്രാന്‍സ്, ഓസ്ട്രിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ അടുത്തകാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികള്‍. ഭീകരവാദത്തെ സംബന്ധിച്ച സ്ഥിതിവിവരങ്ങളുടെ കൈമാറ്റം, വിവിധ രാജ്യങ്ങളിലെ നിയമപാലകരുടെ കൂട്ടായ യത്‌നങ്ങള്‍ എന്നിവയോടൊപ്പം ഷെങ്കന്‍ രാജ്യങ്ങളുടെ ബാഹ്യാതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
വ്യക്തികളെ തീവ്രവാദത്തിലേക്കു നയിക്കുന്നതും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതുമായ മാധ്യമ ഇടപെടലുകള്‍ക്ക് അറുതിവരുത്തും. ഭീകരവാദത്തിനെതിരായ യുദ്ധത്തെ ക്രിസ്തുമതവും ഇസ്ലാമുമായുള്ള യുദ്ധമായി കാണരുതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംകെല മെര്‍ക്കല്‍ പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുത്സ്, ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ആശയലോകം പൊളിറ്റിക്കല്‍ ഇസ്ലാമിന്റേതാണെന്നും എല്ലാ തലങ്ങളിലും അതിനെതിരേ പോരാടണമെന്നും പറഞ്ഞു, ഓസ്ട്രയായില്‍ പൊളിറ്റിക്കല്‍ ഇസ്ലാം നിരോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യവ്യവസ്ഥിതിക്കെതിരേ ഭീകരവാദപരവും ജനാധിപത്യവിരുദ്ധവുമായ ശക്തികള്‍ നടത്തുന്ന ആക്രമണമാണിത്. അതു കൂടുതല്‍ ശക്തിയോടും ദിശാബോധത്തോടുംകൂടെ നേരിടണമെന്നു ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി.
ഷെങ്കന്‍ കരാറിന്റെ കാതല്‍ ബാഹ്യാതിര്‍ത്തികള്‍ സംരക്ഷിക്കുക എന്നതാണ്. ആരാണ് യൂറോപ്പില്‍ വരുന്നതെന്നും പോകുന്നതെന്നും അറിയണം. അതുകൊണ്ട് കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നം എന്നിവയില്‍ ഡിസംബറോടുകൂടി സമന്വയത്തില്‍ എത്താമെന്നു പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ ആഭ്യന്തരമന്ത്രി ഹോര്‍സ്റ്റ് സേഹോഫര്‍ പറഞ്ഞു.