മന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം
ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി.സതീശനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കാത്ത റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് ഗുരുതരമായ ചട്ടലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. മന്ത്രിയുടെ പ്രവൃത്തി സഭയോടുള്ള അനാദരവാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. ഇത് ഗുരുതരമായ ചട്ടലംഘനവും നിയമസഭയുടെ പ്രത്യേക അവകാശങ്ങളിന്‍മേലുള്ള കടന്നുകയറ്റവുമാണ്. അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വെക്കുകയുമാണ് വേണ്ടത്. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമായിരുന്നുവെന്നും നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സി.എ.ജിയില്‍ നിന്നും ധനവകുപ്പ് സെക്രട്ടറിക്ക് ലഭിച്ച കരട് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നത്.