സി.എ.ജി വിവാദം ; സര്‍ക്കാര്‍ പ്രതിരോധത്തില്‍

സി.എ.ജി റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍. 2018-19ലെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന് സി.എ.ജി വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. കിഫ്ബി പരാമര്‍ശം കരട് റിപ്പോര്‍ട്ടിലാണോ അന്തിമ റിപ്പോര്‍ട്ടിലാണോയെന്നാണ് നിലവില്‍ ആശയക്കുഴപ്പം.അതേസമയം കിഫ്ബിക്കെതിരായ കേസിന് പിന്നില്‍ ആര്‍.എസ്.എസാണെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. റാം മാധവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹര്‍ജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങള്‍ തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നില്‍ ഉന്നതതല ആര്‍.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിന്റ് ചര്‍ച്ച ചെയ്യാന്‍ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ആര്‍.എസ്.എസിന്റെ കോടാലിയായി മാറിയെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

അതേസമയം സിഎജി തന്നത് നിയമസഭയില്‍ വയ്ക്കാനുള്ള അന്തിമ റിപ്പോര്‍ട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതില്‍ ചട്ടലംഘനമുണ്ടായെന്ന് തുറന്നുസമ്മതിച്ച ഐസക്, റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല വിഷയമെന്നും അതിലെ നിഗമനങ്ങളാണ് പ്രശ്നമെന്നും ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയമസഭയില്‍ എത്തും മുന്‍പ് സിഎജിയുടെ അന്തിമറിപ്പോര്‍ട്ട് പുറത്തു വിട്ടത് ചട്ടലം?ഘനമാണെങ്കില്‍ അതിനെ നേരിടാം. അവകാശ ലംഘനം നേരിടാം. അതൊന്നും വിഷയമല്ല.

ഇവിടെ കാതലായ പ്രശ്‌നം കേരളത്തിന്റെ വികസനമാണ്. സിഎജിയുടെ നിലപാട് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ്. റിപ്പോര്‍ട്ടിന്മേല്‍ സിഎജി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതിനാല്‍ കരട് റിപ്പോര്‍ട്ടാണെന്ന് ധരിച്ചു. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. നേരത്തെ കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്നും ഐസക് വ്യക്തമാക്കി.

കരട് റിപ്പോര്‍ട്ടില്‍നിന്ന് വ്യത്യസ്തമാണ് അന്തിമ റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമര്‍ത്ഥിച്ച നാല് പേജ് കരട് റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് ഡല്‍ഹിയില്‍നിന്ന് കൂട്ടിച്ചേര്‍ത്തതാണ്. എത്ര വലിയ ഗൂഢാലോചനയാണ് കേരളത്തിനെതിരേ നടക്കുന്നതെന്ന് ആലോചിച്ചുനോക്കണം. ഈ കാണുന്നത് ചെറിയ കളിയില്ല. കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്. ഇങ്ങനെയൊന്ന് ചെയ്യുമെന്ന് ആരും വിചാരിച്ചില്ല. ഇത് കേരളത്തിന്റെ വികസനത്തിന്റെ പ്രശ്നമാണ്. ആ രീതിയില്‍ കേരളം ഇതിനെ കാണണം. ഇതിനെ ചെറുക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനില്‍ക്കണമെന്നും ഐസക് പറഞ്ഞു.