‘രണ്ടില’ ആര്‍ക്കുമില്ല ; ജോസഫിന് ‘ചെണ്ട’; ജോസിന് ‘ടേബിള്‍ ഫാന്‍’
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ചിഹ്ന്‌നത്തിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഇലയ്ക്ക് വേണ്ടി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസ് തീര്‍പ്പാകാന്‍ വൈകുമെന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം മരവിപ്പിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
കൂടാതെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസിന് ടേബിള്‍ ഫാനും ചിഹ്നമായി കമ്മീഷന്‍ അനുവദിക്കുകയും ചെയ്തു. രണ്ടു പാര്‍ട്ടികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നംഅനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നല്‍കാനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്‍ ഉത്തരവ്. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത് താന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് ആണെന്ന് ജോസഫ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. നേരത്തെ പാലാ ഉപതെരഞ്ഞെടുപ്പില്‍ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തില്‍ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാര്‍ട്ടിയെ പാലായും അന്ന് കൈവിട്ടിരുന്നു.