എല്‍ഡിഎഫ് കണ്‍വീനറുടെ ഭാര്യയെ വൈസ് പ്രിന്‍സിപ്പലാക്കി ; കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ രാജിവെച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ച് കേരളവര്‍മ്മ കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. എ പി ജയദേവന്‍ രാജി വെച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അദ്ദേഹം രാജിക്കത്ത് നല്‍കി. പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറിനിന്ന് അധ്യാപകപദവിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് അദ്ദേഹം ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. ഒക്ടോബര്‍ മുപ്പതിനാണ് കേരള വര്‍മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി അസോസിയേറ്റ് പ്രൊഫസര്‍ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. കോളജില്‍ ആദ്യമായാണ് ഒരു വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കുന്നത്. ഇതോടെ പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പലിന് വീതിച്ച് നല്‍കിയിരുന്നു.

നിലവിലുളള ചുമതലകള്‍ക്ക് പുറമേ, ഭരണസമിതി നിശ്ചയിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. കോളജിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, വികസനപ്രവര്‍ത്തനങ്ങള്‍, കോളേജ് അക്രഡിറ്റേഷന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും സംയുക്തമായി നിര്‍വഹിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പകുതിയിലേറെ ചുമതലകള്‍ വൈസ് പ്രിന്‍സിപ്പലിന് നല്‍കുക വഴി പരീക്ഷാ നടത്തിപ്പും കോളേജിന്റെ നടത്തിപ്പും മാത്രമായി പ്രിന്‍സിപ്പലിന്റെ പദവി ചുരുങ്ങിയെന്നായിരുന്നു ഉയര്‍ന്നുവന്ന ആക്ഷേപം. ഇല്ലാത്ത തസ്തിക സൃഷ്ടിക്കുക വഴി ചട്ടലംഘനമാണ് നടന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ഏഴ് വര്‍ഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിയുന്നത്. വൈസ് പ്രിന്‍സിപ്പലിന നിയമിക്കാനുള്ള സാഹചര്യം എന്താണെന്ന് പ്രിന്‍സിപ്പല്‍ കത്തില്‍ ചോദിച്ചിട്ടുണ്ട്. തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചത്. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കും. ഈ സാഹചര്യത്തില്‍ സ്ഥാനം ഒഴിയുന്നുവെന്നും ജയദേവന്‍ കത്തില്‍ പറയുന്നു. എന്നാല്‍ യുജിസി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.