ബിനീഷ് കോടിയേരി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍
ബിനീഷ് കോടിയേരി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ബംഗളൂരിലെ എന്‍ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം 20വരെ ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ ആഗസ്റ്റ് മാസം എന്‍സിബി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കള്ളപ്പണ കേസിന് പുറമെയാണ് ലഹരിമരുന്ന് കേസിലും ബിനീഷ് കോടിയേരി അറസ്റ്റിലാകുന്നത്. ബിനീഷിന്റെ സുഹൃത്തും മലയാളിയുമായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ കന്നഡ സീരിയല്‍ നടി അനിഖയ്‌ക്കൊപ്പം ലഹരിക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ബിനീഷിലെത്തിയത്.
രണ്ടാംപ്രതിയായ അനൂപിന്റെ മൊഴിയാണ് ബിനീഷിന് കുരുക്കായത്. ലഹരി ഇടപാട് കേന്ദ്രമായ ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് ആണെന്ന് കണ്ടെത്തിയത് കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് താന്‍ ബിനീഷിന്റെ ബിനാമി മാത്രമാണെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയതും നിര്‍ണായകമായി. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുത്താല്‍ ബിനീഷിന് ജാമ്യം ലഭിക്കാനുള്ള പഴുതടയും. രണ്ട് മലയാളികളടക്കം മൂന്നുപേരെ പ്രതികളാക്കിയാണ് ആഗസ്റ്റില്‍ എന്‍സിബി മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.