കള്ളപ്പണക്കേസില്‍ ശിവശങ്കറിന് ജാമ്യമില്ല

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.ഇന്നലെ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കര്‍ കോടതിയെ സമീപിച്ചിരുന്നു. താന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നുമാണ് എം ശിവശങ്കര്‍ കോടതിയെ ഇന്നലെ അറിയിച്ചത്.

കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ശിവശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല തനിക്കെതിരെ ആരോപിക്കുന്ന കുറ്റവുമായി ഒരു ബന്ധവുമില്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗെറ്റ് മാത്രമാണെന്നും ശിവശങ്കര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സ്വപ്നയുടെ ലോക്കര്‍ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നതെന്നും ശിവശങ്കറിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. കൂടാതെ ഇഡി അവരുടെ താല്‍പര്യം അനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.