ചെന്നൈയില്‍ സിനിമാ സീരിയല്‍ താരത്തിനെ വെട്ടിക്കൊന്നു

തമിഴ് ടെലിവിഷന്‍ താരം സെല്‍വരത്തിനം (41) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ എംജിആര്‍ നഗറിലാണ് കൊലപാതകം നടന്നത്. ടെലിവിഷന്‍ – സിനിമാ മേഖലയിലൂടെ ശ്രദ്ധേയനായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : നടന്‍ ശനിയാഴ്ച ഷൂട്ടിങ്ങിന് പോയിരുന്നില്ല. പകരം സുഹൃത്തും സഹസംവിധായകനുമായ മണിക്കൊപ്പമായിരുന്നു കഴിഞ്ഞത്. ഞായറാഴ്ച വൈകിട്ടോടെ ഒരു ഫോണ്‍കോള്‍ വരികയും മണിയുടെ വീട്ടില്‍ നിന്ന് പോവുകയുമായിരുന്നു. സുഹൃത്തുക്കളെ കാണാന്‍ പോകുന്നുവെന്നാണ് തന്നോട് പറഞ്ഞതെന്നും മറ്റുവിവരങ്ങളൊന്നും തന്നോട് പറഞ്ഞിരുന്നില്ലെന്നുമാണ് മണി പൊലീസിന് മൊഴി നല്‍കിയത്.

രാത്രിയോടെയാണ് സെല്‍വരത്തിനം കൊല്ലപ്പെട്ട വിവരം മണി അറിയുന്നത്. കൊലപാതക വിവരം അറിഞ്ഞ ഉടന്‍ മണി പൊലീസിനെ വിവരം അറിയിക്കുകയും കൊല നടന്ന അണ്ണാ നെടുമ്പത്തായിയിലെത്തുകയുമായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകികളെ കാണാമെങ്കിലും പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. കൊല നടന്ന സ്ഥലത്ത് നാലുപേരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഓട്ടോറിക്ഷയിലാണ് ഇവര്‍ എത്തിയത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് സെല്‍വരത്തിനവുമായി ഇവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സെല്‍വരത്തിനത്തിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നും തുടര്‍ച്ചയായി നടന്‍ വിളിച്ചിരുന്ന ഫോണ്‍നമ്പരുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. നടന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി റോയപ്പേട്ട ഗവ. ആശുപത്രിയിലേക്ക് മാറ്റി.

വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന തേന്മൊഴി ബിഎ എന്ന സീരിയലില്‍ ഇപ്പോള്‍ അഭിനയിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി സീരിയല്‍- സിനിമാ മേഖലയില്‍ സജീവമാണ്. ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ഥിയായ സെല്‍വ രത്തിനം ടെലിവിഷന്‍ സീരിയലുകളിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പ്രേക്ഷക പ്രീതിയിലേക്ക് ഉയരുകയായിരുന്നു.