ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ന്യൂസിലാന്‍ഡ് ; പിറന്നത് പുതു ചരിത്രം
ന്യൂസിലാന്‍ഡ് ആണ് ഹിജാബ് പൊലീസ് യൂണിഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ചത്. ന്യൂസിലാന്‍ഡ് പൊലീസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍സ്റ്റബിള്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലീസ് ഉദ്യോഗസ്ഥ. സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് യൂണിഫോമിന്റെ ഭാഗമാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ച ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു.
സേനയിലെ വൈവിധ്യം പ്രധാനപ്പെട്ട കാര്യമാണെന്നും ഇനി വരുന്ന തലമുറയെ സേവിക്കുന്നതിന് ഇത് അനിവാര്യമായിരിക്കുമെന്നും ന്യൂസിലാന്‍ഡ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അഭിപ്രയം സ്വീകരിച്ചുകൊണ്ട് 2018 മുതല്‍ യൂണിഫോമില്‍ പരിഷ്‌കരണങ്ങള്‍ വരുത്തികൊണ്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഹിജാബ് യൂണിഫോം പുറത്തിറക്കിയത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി സീന അലി പറഞ്ഞു. ധാരാളം മുസ്‌ലിം വനിതകള്‍ സേനയില്‍ ചേരേണ്ടതുണ്ടെന്നും സീന അലി പറഞ്ഞു. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പൊലീസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലീസ് സേനയില്‍ അന്‍പത് ശതമാനവും സ്ത്രീകളാണ്. ഇതില്‍ തന്നെ കുടിയേറ്റക്കാരായി വന്ന പൗരന്‍മാരും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ സിറ്റിസണിന്റെ റിപ്പോര്‍ട്ട് പറയുന്നു.
View this post on Instagram