കോവിഡിനെ തുരത്താന്‍ ഉറച്ച് ഫൈസര്‍ വാക്‌സിന്‍

കോവിഡ് -19നെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്‌സിന്‍ 95% ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍. വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരത്തിനായി കമ്പനി അപേക്ഷിക്കുമെന്നും ഫൈസര്‍ വക്താവ് പറഞ്ഞു.

എട്ടുമാസത്തോളം നീണ്ട വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാന ഘട്ടമാണ് പിന്നിടുന്നത് ഫൈസര്‍ വക്താവ് അറിയിച്ചു. ജര്‍മ്മന്‍ പങ്കാളിയായ ബയോ എന്‍ടെക് എസ്ഇയ്ക്കൊപ്പം വികസിപ്പിച്ചെടുത്ത വാക്സിനുകളുടെ ഫലപ്രാപ്തി ഏതു പ്രായത്തിലുള്ളവരിലും സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും വലിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും ലോകമെമ്പാടും രോഗപ്രതിരോധത്തിനായി ഇത് വ്യാപകമായി ഉപയോഗിക്കാമെന്നതിന്റെ സൂചനയാണെന്നും ഫൈസര്‍ പറഞ്ഞു. 65 വയസ്സിനു മുകളിലുള്ളവരിലും വാക്‌സിന്റെ കാര്യക്ഷമത, 94% ത്തില്‍ കൂടുതലാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നു.

വാക്‌സിനേഷന്‍ 90% ത്തിലധികം ഫലപ്രദമാണെന്ന് പരീക്ഷണത്തില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ കാണിച്ച് ഒരാഴ്ച മുമ്പ് ഫൈസര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അതുകഴിഞ്ഞ് ഒരു ആഴ്ചയ്ക്കുശേഷമാണ് അവസാന വിശകലനം വരുന്നത്. മോഡേണ കമ്പനിയും അവരുടെ വാക്സിന്‍ പരീക്ഷണത്തില്‍ പ്രാഥമിക ഡാറ്റ തിങ്കളാഴ്ച പുറത്തുവിട്ടു. ആരോഗ്യ സംരക്ഷണ വിദഗ്ദ്ധരെപോലെയുള്ള ചില ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി അമേരിക്ക മുന്‍ഗണന നല്‍കും, വലിയ തോതിലുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മാസങ്ങള്‍ മുമ്പ് തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തിവെയ്പ്പ് നടത്തുമെന്ന് അമേരിക്ക വ്യക്തമാക്കി.

മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത രണ്ട് വാക്‌സിനുകളില്‍ നിന്നും പ്രതീക്ഷിച്ചതിലും മികച്ച ഡാറ്റ, ആഗോളതലത്തില്‍ 13 ലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട കോവിഡില്‍നിന്ന് ഉറച്ച പ്രതിരോധമൊരുക്കുമെന്നാണ് ഫൈസറിന്റെയും മോഡേണയുടെയും അവകാശവാദം സൂചിപ്പിക്കുന്നത്.