അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയില്‍ മോചിതയായേക്കും

അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരുന്ന വി.കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും എന്ന് വാര്‍ത്തകള്‍. കഴിഞ്ഞ നാലുവര്‍ഷമായി ശശികല തടവ് അനുഭവിക്കുകയാണ്. ബെംഗളൂരുവിലെ പരപ്പന അഗഹാര സെന്‍ട്രല്‍ ജയിലിലാണ് ശശികല ഇപ്പോള്‍ ഉള്ളത്.

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തി രണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ അടച്ചു. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ്യക്തമാക്കി.

കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. തടവ് ജനുവരി 27 ന് പൂര്‍ത്തിയാവും. പയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. കൂടാതെ, ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. അന്തരിച്ച മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്നു ശശികല.