ജമ്മു കശ്മീരില്‍ നാല് ഭീകരരെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ നഗ്രോട്ടയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്ക് സമീപമുള്ള ടോള്‍ പ്ലാസയ്ക്ക് സമീപം സംഭവം ഉണ്ടായത്. ടോള്‍പ്ലാസയ്ക്ക് സമീപം വാഹനത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന ഭീകരര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജമ്മുകശ്മീര്‍ ജില്ലാ പൊലീസ് മേധാവി എസ്എസ്പി ശ്രീധര്‍ പാട്ടീല്‍ പറഞ്ഞു.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. നാഗ്രോട്ടയില്‍ നിന്നും ഉധംപൂരിലെ ടില്‍റ്റിംഗ് ഏരിയയില്‍ നിന്നും ഒരു വാഹനങ്ങളും കടത്തിവിടുന്നുല്ല. ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജനുവരി 31 ന് ഉണ്ടായ വെടിവയ്പിന് സമാനമാണെന്ന് സിആര്‍പിഎഫ് വക്താവ് ശിവ്നന്ദന്‍ സിംഗ് പറഞ്ഞു. പൊലീസ് സിആര്‍പിഎഫ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരര്‍ വാഹനത്തിലാണ് വന്നതെന്നാണ് വിവരം.
മൂന്നോ നാലോ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കരസേനാംഗങ്ങളും ഓപ്പറേഷനില്‍ പങ്കുചേര്‍ന്നതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. ജനുവരി 31 ന് ടോള്‍ പ്ലാസയ്ക്ക് സമീപം ഒരു സംഘം തീവ്രവാദികള്‍ ഒരു പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു.