സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു
അധികാരത്തിലേറി മൂന്നാം ദിവസം നിതീഷ് കുമാര്‍ സര്‍ക്കാറിലെ ആദ്യ രാജി. വിദ്യാഭ്യാസ മന്ത്രി മേവ ലാല്‍ ചൗധരിയാണ് രാജിവെച്ചത്. നിതീഷ് കുമാര്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാല്‍ ചൗധരിക്കെതിരെ 2017 മുതല്‍ തന്നെ അഴിമതി ആരോപണമുണ്ടായിരുന്നു.
തരാപൂരില്‍ നിന്നുള്ള ജെഡിയു എംഎല്‍എയായിരുന്ന മേവ ലാല്‍ ചൗധരിക്കെതിരെ 2017ല്‍ തന്നെ കേസെടുത്തിരുന്നു. ഭഗല്‍പൂര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ സയന്റിസ്റ്റ് തസ്തികളിലെ നിയമനങ്ങളില്‍ ക്രമക്കേട് നടത്തി എന്നായിരുന്നു ആരോപണം. ആ സമയത്ത് പ്രതിപക്ഷത്തായിരുന്ന ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മേവ ലാലിനെ പാര്‍ട്ടിയില്‍ നിന്ന് സ്പെന്‍ഡ് ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല.
പാര്‍ട്ടിയില്‍ തിരിച്ചെത്തിയ മേവാ ലാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു. അഴിമതി ആരോപണം നേരിട്ടിട്ടും ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടും ചൗധരിയെ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതിനെ ബീഹാറിലെ പ്രധാന പ്രതിപക്ഷമായ ആര്‍ജെഡിയും സഖ്യകക്ഷികളും ബുധനാഴ്ച നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു. ചൗധരിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
കാര്‍ഷിക സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും ആദ്യമായി മന്ത്രിയുമായ ചൗധരി ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം വഞ്ചനയും സത്യസന്ധതയില്ലാത്തതും (വകുപ്പ് 420), ക്രിമിനല്‍ ഗൂഢാലോചന (120 ബി) എന്നിവ ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ നേരിടുന്നുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ”കുറ്റപത്രം സമര്‍പ്പിക്കുമ്പോഴോ കുറ്റക്കാരനാണെന്ന് കോടതി ഉത്തരവ് ഇടുമ്പോഴോ മാത്രമാണ് എനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടാകുക, പക്ഷേ ഇവിടെ ഇതു രണ്ടും സംഭവിച്ചിട്ടില്ല” എന്നാണ് വിഷയത്തില്‍ മേവ ലാല്‍ ചൗധരി പ്രതികരിച്ചത്.