മധുവിധു ആഘോഷത്തിനിടെ യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം
പി.പി. ചെറിയാന്‍
ന്യുയോര്‍ക്ക്: മധുവിധു ആഘോഷത്തിനിടെ യുവദമ്പതികള്‍ക്കു ദാരുണാന്ത്യം. പാക്കിസ്ഥാന്‍ അമേരിക്കന്‍ വംശജനായ കോര്‍പറേറ്റ് അറ്റോര്‍ണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂര്‍ഷ (29) യുമാണ് കരീബിയന്‍ റിസോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ടത്. റിസോര്‍ട്ടിനു സമീപം ഇരുവരും നീന്തികൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു. സഹായത്തിനായി എത്തിച്ചേര്‍ന്നവര്‍ ഇവരെ കരയ്‌ക്കെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ന്യുയോര്‍ക്ക് ഈസ്റ്റ് മെഡോയില്‍ നാലു ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഓല്‍ഷന്‍ ഫ്രോം വൊളോസ്‌ക്കിയിലെ അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്ക്. പ്രഗല്‍ഭനായ അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്കെന്ന് ഓല്‍ഷന്‍ ഫ്രോം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റി ലെങ്കോണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു നൂര്‍ഷാ.
ദമ്പതികള്‍ മരിക്കാനിടയായ റിസോര്‍ട്ടിനു സമീപം അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്ന് മുഹമ്മദിന്റെ പിതാവ് മെക്ക്ബൂല്‍ മാലിക്ക് പരാതിപ്പെട്ടു.