കോവിഡ് വ്യാപനം അതിരൂക്ഷം, സര്‍വ്വകക്ഷി യോഗം വിളിച്ച് കെജ്രിവാള്‍
കൊറോണ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അടിക്കടി വര്‍ദ്ധിച്ചു വരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 131 പേരാണ് കോവിഡ് ബാധ കാരണം മരിച്ചത്. ആകെയുള്ള അഞ്ചു ലക്ഷം രോഗികളില്‍ ഒരു ലക്ഷവും കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളില്‍ കോവിഡ് രോഗബാധിതരായവരാണ് എന്നത് വൈറസ് ബാധയുടെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം, തലസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിയ്ക്കുകയാണ്. വൈറസ് വ്യാപനവും മരണ സംഖ്യയും ഉയര്‍ന്നതോടെയാണ് സ്ഥിതി വിലയിരുത്താന്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരിയ്ക്കുന്നത്. പ്രതിദിന വൈറസ് ബാധ എഴായിരം കടന്നതിന് പിന്നാലെ മരണസംഖ്യയും വര്‍ദ്ധിച്ചു. കഴിഞ്ഞ 12ന് 104 പേര്‍ മരിച്ചതായിരുന്നു ഇതുവരെ ഡല്‍ഹിയിലെ ഉയര്‍ന്ന പ്രതിദിന മരണ നിരക്ക്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറില്‍ അത് 131 ആയി ഉയര്‍ന്നു.
കോവിഡ് പ്രതിരോധ നടപടികളില്‍ കെജ്രിവാള്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ബിജെപി വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വ്വ കക്ഷി യോഗം വിളിച്ചത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ ഉയര്‍ത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുവരെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയായിരുന്നു പിഴയെങ്കില്‍ ഇപ്പോള്‍ അത് 2000 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
അതുപോലെ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് വിതരണം ചെയ്യാന്‍ എല്ലാ സന്നദ്ധ സംഘടനകളോടും രാഷ്ട്രീയ പാര്‍ട്ടികളോടും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ 500 ല്‍ നിന്നും 2000 ആക്കിയിട്ടിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല മാസ്‌ക് ധരിക്കുന്നതില്‍ പലരും അശ്രദ്ധ കാട്ടുന്നുണ്ടെന്നും ദീപാവലി ആഘോഷ വേളയില്‍ മാസ്‌ക് ധരിക്കാത്തതും ഷോപ്പിങ് നടത്തിയപ്പോല്‍ സാമൂഹിക അകലം പാലിചില്ലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.