വന്‍ ലഹരിവേട്ട ; കൊല്ലത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

കൊല്ലം ചവറയില്‍ വന്‍ ലഹരിവേട്ട. രണ്ടുകൊടിയോളം വില വരുന്ന ഹാഷിഷ് ഓയില്‍ കൊല്ലത്ത് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ കസറ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം ആറ്റിങ്ങലില്‍ നിന്നും 103 കിലോ കഞ്ചാവും മൂന്നേകാല്‍ ലിറ്റര്‍ ഹാഷിഷ് ഓയിലും എക്‌സൈസിന്റെ സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ടീം പിടിച്ചെടുത്തിരുന്നു.

ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ചവറയില്‍ നിന്നും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്. ചവറ സ്വദേശി അഖില്‍ രാജ്, തൃശൂര്‍ സ്വദേശി സിറാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 2. 25 ലിറ്റര്‍ ഹാഷിഷ് ഓയില്‍ പിടികൂടിയിട്ടുണ്ട് . തൃശൂര്‍ സ്വദേശിയായ സിറാജ് ചവറ കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നുവെന്ന് എക്‌സൈസ് ടീമിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടിയത്. ഇതിനിടയില്‍ കൊല്ലത്ത് നിന്നും അജിമോന്‍ എന്നയാളെ അഞ്ചുകിലോ കഞ്ചാവുമായി ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി. ഐ. അനില്‍ കുമാര്‍, എസ്. ഐ. മുകേഷ് കുമാര്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.