ഐ.എസ്.എല്‍ ; കേരള ബ്ലാസ്റ്റേഴ്സ്നു തോല്‍വിയോടെ തുടക്കം
മലയാളക്കര കാത്തിരുന്ന ഐ.എസ്.എല്‍ 2020-21 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടക്കം തോല്‍വിയോടെ. എ.ടി.കെ മോഹന്‍ ബഗാന് എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ തോല്‍പ്പിച്ചത്. 67-ാം മിനുട്ടില്‍ റോയ് കൃഷ്ണയിലൂടെയാണ് കന്നിയങ്കത്തില്‍ ബഗാന് ലക്ഷ്യം കണ്ടത്. ആദ്യപകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിലെ പ്രതിരോധപ്പിഴവാണ് വിനയായത്.
67-ാം മിനുട്ടില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളായ സെര്‍ജിയോ സിഡൊഞ്ചയും വിസന്റെ ഗോമസും തമ്മിലുണ്ടായ ആശയക്കുഴപ്പത്തില്‍ പന്ത് കാല്‍ക്കലാക്കിയ റോയ് കൃഷ്ണ കൃത്യതയോടെ ഫിനിഷ് ചെയ്യുകയായിരുന്നു. മലയാളി താരം സഹല്‍ അബ്ദുസ്സമദിന് ഗോള്‍മുഖത്ത് രണ്ട് സുവര്ണാവസരങ്ങള് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
സാവധാനത്തില്‍ ബ്ലാസ്റ്റേഴ്സ് ഗോളവസരങ്ങള്‍ തുറന്നെടുത്തതോടെ മത്സരം ആവേശകരമായി. എടികെയുടെ വേഗതയ്ക്ക് ചെറുപാസുകള്‍ കൊണ്ട് മറുപടി നല്കിയ മഞ്ഞപ്പട മികച്ച കളിയാണ് കെട്ടഴിച്ചത്. എങ്കിലും ഫൈനല്‍ തേര്‍ഡിലേക്ക് എണ്ണം പറഞ്ഞ ഒരു അറ്റാക്ക് നടത്താന്‍ എടികെ ഡിഫന്‍ഡര്‍മാര്‍ ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ല. 34ആം മിനിട്ടില്‍ എടികെയ്ക്കും 37ആം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സിനും ലഭിച്ച ഓരോ ചാന്‍സുകളായിരുന്നു മത്സരത്തിലെ സുവര്ണാവസരങ്ങള്. എന്നാല്‍ ഇരു ടീമിനും സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് അല്പം കൂടി മികച്ചു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് പലതവണ എടികെ ഗോള്‍മുഖം റെയ്ഡ് ചെയ്തു. സഹല്‍ രണ്ട് തവണയും നോങ്ദാംബ നവോറം ഒരു തവണയും മികച്ച അവസരങ്ങള്‍ പാഴാക്കി. മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തവെ മത്സരഗതിക്ക് പ്രതികൂലമായി എടികെ സ്കോര്‍ ചെയ്തു. മന്‍വീര്‍ സിംഗിന്റെ ക്രോസ് പൂര്‍ണമായി ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് റോയ് കൃഷ്ണ അനായാസം അല്‍ബീനോ ഗോമസിനെ കീഴ്പ്പെടുത്തി.
തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചു. സബ്സ്റ്റ്യൂട്ടുകളെ ഇറക്കി വിക്കൂന സമനില ഗോളിനു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം ഇളകിയില്ല.