ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയില്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
ഓക്‌സ്‌ഫോര്‍ഡ് തയ്യാറാക്കുന്ന കൊറോണ വാക്‌സിന്‍ ഏപ്രിലിലോടെ ഇന്ത്യയില്‍ എത്തുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ മരുന്ന് ലഭിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഏപ്രിലോടെ ലഭ്യമാകുമെന്നും സിറം ഇന്‍സ്റ്റിറ്റൂട്ട് അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ പരമാവധി 1000 രൂപയ്ക്ക് നല്‍കാനാകുമെന്നും സിറം സിഇഒ അദര്‍ പൂനവല്ല പറഞ്ഞു. മാത്രമല്ല 2024 ഓടെ എല്ലാ ഇന്ത്യാക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഇന്ത്യാക്കാര്‍ക്കും വാക്‌സിന്‍ എടുക്കാന്‍ ഏതാണ്ട് രണ്ടോ മൂന്നോ വര്‍ഷമെടുക്കുമെന്നും അതിന് വിതരണ പരിമിതികള്‍ മാത്രമല്ല കാരണം എന്ന് പറയുന്ന അദ്ദേഹം അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിന്‍ ലോജിസ്റ്റിക്, ബജറ്റ്, വാക്‌സിന്‍ എടുക്കാനുള്ള ആളുകളുടെ താല്‍പര്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് 90 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ എടുക്കാന്‍ സാധിക്കുക എന്നും വ്യക്തമാക്കി.
പൊതുജനത്തിന് സിറം നല്‍കുന്ന വിലയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഡോസിന് 5-6 ഡോളറാണ് വിലവരുന്നതെന്നും ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് 1000 രൂപ വരെയാകുമെന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല ഇന്ത്യാ ഗവണ്‍മെന്റിന് വാക്‌സിന്‍ 3-4 ഡോളര് നിരക്കില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസ്ട്രസെനക വാക്‌സിന്‍ പ്രായമായവരില്‍ പോലും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തില്‍ വലിയ പരാതികളോ പ്രതികൂല സംഭവങ്ങളോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലയെന്നും ഇന്ത്യയില്‍ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പുറത്തുവരുമെന്നും സിഇഒ പറഞ്ഞു.