ശബ്ദ സന്ദേശം സ്വപ്നയുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല : ജയില്‍ ഡിഐജി

സ്വപ്ന സുരേഷിന്റെതെന്ന പേരില്‍ പുറത്തു വന്ന ശബ്ദ സന്ദേശം സ്വപ്നയുടെതാണെന്ന് ഉറപ്പില്ല എന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ശബ്ദത്തിന് സാമ്യമുണ്ട് എങ്കിലും അത് തന്റേത് ആണെന്ന് ഉറപ്പില്ലയെന്ന മൊഴിയാണ് സ്വപ്ന ഡിഐജിയ്ക്ക് നല്‍കിയിരിക്കുന്നത്. മാത്രമല്ല ഈ സന്ദേശം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും റെക്കോര്‍ഡ് ചെയ്തതല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനം പൊലീസ് ഹൈടെക് സെല്‍ അന്വേഷിച്ച് കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പിന്റെ ആവശ്യം.

അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ കഴിഞ്ഞ സമയം മാനസികമായി ഒരുപാട് സംഘര്‍ഷം നേരിട്ടിരുന്നുവെന്നും അന്ന് ആരോടൊക്കെ എന്തൊക്കെ പറഞ്ഞുവെന്ന് അറിയില്ല എന്നുമാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ അട്ടക്കുളങ്ങര ജയിലില്‍ എത്തിയ ശേഷം ഇങ്ങനൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജയില്‍ ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഈ ശബ്ദരേഖ എവിടെനിന്നും വന്നുവെന്ന അന്വേഷണത്തിലാണ് ജയില്‍ വകുപ്പ്. ശബ്ദരേഖയില്‍ നിയമലംഘനം ഇല്ലാത്തതു കൊണ്ട് അന്വേഷണത്തിന് സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും ഹൈ ടെക് സെല്‍ വഴി ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്തണമെന്നാണ് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വപ്ന സുരേഷിന്റെ പേരില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ഈ ശബ്ദസന്ദേശം പുറത്തുവിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്നും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്നും ഇഡി പറഞ്ഞതായിട്ടാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. 36 സെക്കന്‍ഡ് നീളമുള്ള വോയിസ് റെക്കോര്‍ഡാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ ആണ് ഈ വോയിസ് സന്ദേശം പുറത്തു വിട്ടത് എന്നാണ് ആരോപണം.