അമിത് ഷാ ചെന്നൈയില്‍ ; രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന

നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നു റിപ്പോര്‍ട്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ് കാന്‍ഡിഗായ് റിസര്‍വോയര്‍, കോയമ്പത്തൂര്‍-അവിനാശി എലവേറ്റഡ് എക്സ്പ്രസ് വേ, ചെന്നൈ മെട്രോ റെയില്‍ രണ്ടാം ഘട്ടം എന്നി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയിരിക്കുന്നത്.

ഔദ്യോഗിക പരിപാടികള്‍ക്കാണ് അമിത്ഷാ എത്തുന്നതെങ്കിലും രാഷ്ട്രീയ കൂടിക്കാഴ്ചകളും ലക്ഷ്യമിടുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമായി കൂടിക്കാഴ്ച് നടത്തുമെന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും കൂടിക്കാഴ്ച ഉണ്ടാകുമെന്ന് തന്നെയാണ് സൂചന ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ബിജെപിയുടെ ശക്തി വര്‍ധിപ്പിക്കാന്നുള്ള ശ്രമത്തിലാണ്.

അണ്ണാ ഡിഎംകെയോടൊപ്പമുള്ള സഖ്യത്തില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ സഖ്യത്തില്‍ നേടിയെടുക്കാനും ബിജെപിയ്ക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം നിര്‍ണായകമാണ്. ഇതിനിടയില്‍ ഹിന്ദുവോട്ട് ലക്ഷ്യം വച്ചുള്ള വെട്രിവേല്‍ യാത്രയ്ക്ക് അനുമതി സര്‍ക്കാര്‍ നിഷേധിച്ചത് ബിജെപിയ്ക്ക് അടിയായി. എന്തായാലും അമിത് ഷാ രജനികാന്തുമായി കൂടിക്കാഴ്ച നടത്താനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. ഇന്ന് ചെന്നൈയിലെത്തുന്ന അമിത് ഷാ നാളെ രാവിലെയെ ഡല്‍ഹിയിലേക്ക് മടങ്ങുകയുള്ളു. എങ്ങനെയും രജനീകാന്തിനെ ബിജെപിയിലെത്തിക്കാന്നുള്ള കടുത്ത ശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ബിജെപി.