അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ വാക്‌സിന്‍
അവസാനഘട്ട പരീക്ഷണത്തില്‍ 95 ശതമാനത്തിലേറെ ഫലപ്രദമെന്ന് കണ്ടെത്തിയ ഫൈസര്‍-ബയോടെക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് നിര്‍മ്മാതാക്കള്‍ അനുമതി തേടി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലാണ് ഫൈസര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെ കമ്പനി സിഇഒ ആല്‍ബര്‍ട്ട് ബര്‍ല ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനോടകം 13 ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാമാരിയെ ഉടന്‍ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് ഫൈസര്‍ വാക്‌സിന്‍ മുന്നോട്ടുവെക്കുന്നത്. അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി വിപുലമായ റിപ്പോര്‍ട്ടാണ് ഫൈസര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 12നും 15നും ഇടയില്‍ പ്രായമുള്ള 100ഓളം കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചപ്പോഴുള്ള സ്ഥിതിഗതിയും ഉള്‍പ്പെടത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയരായ 45 ശതമാനം പേര്‍ 56നും 85 വയസിനും ഇടയില്‍ പ്രായമുള്ളവരാണെന്നും ഫൈസര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ ഉപയോഗിച്ചവരിലെ വിശദമായ ആരോഗ്യനിലയും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം 95 ശതമാനം ഫലപ്രദമാണെന്ന് വ്യക്തമായതോടെ വാക്‌സിന് അനുമതി ലഭിക്കാന്‍ കാലതാമസമുണ്ടാകില്ലെന്നാണ് വിവരം. വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയേക്കും. അതേസമയം ഡിസംബര്‍ എട്ടിനും പത്തിനുമിടയില്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്ന് ഫൈസര്‍ വാക്‌സിനെക്കുറിച്ച് വിലയിരുത്തല്‍ നടത്തും. അതിനുശേഷമായിരിക്കും അനുമതി നല്‍കുക.
ഡിസംബര്‍ പകുതിയോടെ എഫ്ഡിഎ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുമെന്ന് ഫൈസര്‍ പ്രതീക്ഷിക്കുന്നു. അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ വാക്‌സിന്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഫൈസര്‍ പൂര്‍ത്തിയാക്കും. തുടക്കത്തില്‍ 2.5 കോടി ആളുകള്‍ക്ക് ഉപയോഗിക്കാനുള്ള ഡോസാണ് സജ്ജമാക്കുന്നത്. ഈ വര്‍ഷം തന്നെ അഞ്ചു കോടി ആളുകളില്‍ ഉപയോഗിക്കാനുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും ഫൈസര്‍ പറയുന്നു.
43,000 ത്തിലധികം ആളുകളിലാണ് ഫൈസര്‍ വാക്‌സിന്‍ പരീക്ഷിച്ചിത്. ഇതില്‍ അന്തിമഘട്ട പരീക്ഷണത്തിന് വിധേയരായ 170 കോവിഡ് രോഗികളില്‍ 162 പേരിലും രോഗത്തിനെതിരായ ആന്റിബോഡി രൂപപ്പെട്ടു. ഇവരില്‍ രോഗപ്രതിരോധം ഫലപ്രദമാണെന്ന് കണ്ടെത്തി. അതുകൊണ്ടുതന്നെയാണ് തങ്ങളുടെ വാക്‌സിന്‍ 95 ശതമാനവും ഫലപ്രദമാണെന്ന് ഫൈസര്‍ അവകാശപ്പെടുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയതുപ്രകാരം 50 ശതമാനത്തിലധികം ഫലപ്രാപ്തിയുള്ള വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചേക്കാം. അതേസമയം ഈ വിവരം പുറത്തുവന്നതോടെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ഫൈസറിന്റെ ബയോടെക്കിന്റെയും മൂല്യം ഉയര്‍ന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ന്യൂയോര്‍ക്കില്‍ ഫൈസറിന്റെ ഓഹരി മൂല്യം 1.3 ശതമാനവും ബയോ എന്‍ടെക്കിന്റേത് 9.3 ശതമാനവും ഉയര്‍ന്നു.