ബലാത്സംഗക്കേസില്‍ യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ബലാത്സംഗക്കേസില്‍ കുടുങ്ങി ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വന്ന യുവാവിന് 15ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. യുവാവിനെതിരായ പരാതി തെറ്റായിരുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ചെന്നൈ കോടതിയാണ് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. പതിനൊന്ന് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം.

സന്തോഷ് എന്ന യുവാവിനെതിരെ അയല്‍ക്കാരിയായ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പീഡന പരാതി നല്‍കിയത്. ഇയാളുടെ പീഡനത്തിനിരയായി പെണ്‍കുട്ടി ഗര്‍ഭിണിയായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ സന്തോഷ് 95 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം 2010 ഫെബ്രുവരി 12 ന് ജാമ്യത്തില്‍ പുറത്തിറങ്ങി. അപ്പോഴേക്കും പരാതിക്കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഈ കുട്ടി സന്തോഷിന്റെതല്ലെന്ന് തെളിയുകയായിരുന്നു.

കേസിന്റെ വിചാരണ തുടരുകയും 2016 ല്‍ ചെന്നൈ മഹിള കോടതി സന്തോഷിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ പരാതി നല്‍കിയത്. തന്റെ ജീവിതവും കരിയറും ഇവര്‍ കാരണം നശിച്ചെന്നാരോപിച്ച് മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു പരാതി. കേസിന്റെ പേരില്‍ തനിക്ക് സാമ്പത്തിക നഷ്ടം ഉള്‍പ്പെടെ കനത്ത നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു. കൊമേഴ്‌സ്യല്‍ ലൈസന്‍സ് പോലും നിഷേധിക്കപ്പെട്ടതോടെ ഒരു സ്ഥലത്ത് പ്യൂണ്‍ ആയി ജോലി നോക്കേണ്ട അവസ്ഥയുണ്ടായെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു.

സന്തോഷിന്റെ അഭിഭാഷകന്റെ വാക്കുകള്‍ അനുസരിച്ച് പരാതിക്കാരിയുടെ കുടുംബവും സന്തോഷിന്റെ കുടുംബവും അയല്‍ക്കാരായിരുന്നു. ഒരേ സമുദായത്തില്‍പ്പെട്ട കുടുംബം സന്തോഷും പെണ്‍കുട്ടിയും തമ്മില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു ഭൂമിത്തര്‍ക്കത്തിന്റെ പേരില്‍ രണ്ട് കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. സന്തോഷും കുടുംബവും ചെന്നൈയില്‍ മറ്റൊരിടത്തേക്ക് താമസം മാറുകയും ചെയ്തു.

തുടര്‍ന്ന് യുവാവ് എഞ്ചിനിയറിംഗ് കോളജില്‍ അഡ്മിഷന്‍ നേടി പഠനത്തിനായി പോയി. ഈ സമയത്താണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും സന്തോഷ് ആണ് കുഞ്ഞിന്റെ അച്ഛന്‍ എന്നും ആരോപിച്ച് കുടുംബം രംഗത്തെത്തുന്നത്. ഇരുവരുടെയും കല്യാണം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പെണ്‍കുട്ടിയുമായി അതിരുവിട്ട ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്ന് സന്തോഷ് തറപ്പിച്ച് പറഞ്ഞതോടെ ഇവര്‍ ബലാത്സംഗ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് അറസ്റ്റിലാവുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എന്നാല്‍ ഡിഎന്‍എ പരിശോധന ഫലം പുറത്തു വന്നതോടെ സംഗതികള്‍ മാറി മറിയുകയായിരുന്നു. പരാതിക്കാരി, കുടുംബം, കേസ് അന്വേഷിച്ച സെക്രട്ടറിയേറ്റ് കോളനി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇയാളുടെ പരാതി കണക്കിലെടുത്ത കോടതി പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആയി നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.