രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നിരിക്കുകയാണ്. രോഗമുക്തി നിരക്കും ഉയരുന്നുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം കൂടിയത് ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇതില്‍ 85,21,617 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4.4ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 43,493 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. അതേസമയം മരണനിരക്കു മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നത് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 501 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ 1,33,227 കോവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രോഗപരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തന്നെ തുടരുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 13,17,33,134 സാമ്പിള്‍ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം പതിനൊന്നുലക്ഷത്തോളം പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങളും കൊറോണയില്‍ നിന്നും മുക്തി നേടുന്ന നിലയിലാണ് എങ്കിലും ഡല്‍ഹി പോലുള്ള ജന സാന്ദ്രത കൂടിയ നഗരങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ് ഇപ്പോഴും.