കേരളത്തില്‍ സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നല്‍കാനാകില്ല : ഷിബു ബേബി ജോണ്‍

സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കേരള പൊലീസ് ആക്ട് ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും വിഷയത്തില്‍ ഒരുപോലെയാണ് പ്രതികരിക്കുന്നത്. അതേസമയം ഇടതുപക്ഷ അനുകൂല ബുദ്ധിജീവികള്‍ വിഷയത്തില്‍ മൌനം പാലിക്കുകയാണ് ഇപ്പോള്‍. സംസാരിക്കാനുള്ള സ്വാതന്ത്രമുണ്ട്, പക്ഷെ സംസാരിച്ച് കഴിഞ്ഞ് ആ സ്വാതന്ത്ര്യം ഉറപ്പു നല്‍കാനാകില്ലെന്ന ഉഗാണ്ടന്‍ ഏകാധിപതി ഈദി അമിന്റെ വാക്കുകള്‍ ട്വറ്റ് ചെയ്താണ് ആര്‍.എസ്.പി നേതാവ് ഷിബു ബേബിജോണ്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

മൗലികാവകാശവും മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും അപകടത്തിലാക്കുന്ന പോലീസ് നിയമഭേദഗതി നടപ്പാക്കാന്‍ പാടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചു. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സര്‍ക്കാര്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമ മാരണ ഓര്‍ഡിനന്‍സ് ഇന്ത്യന്‍ ഭരണ ഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമ ഭേദഗതി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ശശി തരൂര്‍ എം പി എന്നിവരും രംഗത്തെത്തിയിരുന്നു.