ക്ഷേത്ര പരിസരത്ത് ചുംബന രംഗം , നെറ്റ് ഫ്‌ലിക്‌സ് നിരോധിക്കണം എന്ന ക്യാമ്പയിനുമായി ഹിന്ദുത്വവാദികള്‍

ചുംബന രംഗത്തിന്റെ പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ Boycott netflix ക്യാമ്പയിന്‍ സ്റ്റാര്‍ട്ട് ചെയ്ത് ഹിന്ദുത്വവാദികള്‍. പ്രശസ്ത ഇന്ത്യന്‍ അമേരിക്കന്‍ ചലചിത്രകാരി മീര നായര്‍ ഒരുക്കിയ മിനി വെബ് സീരിസ് ആയ ‘എ സ്യൂട്ടബിള്‍ ബോയ്’ (A Suitable Boy) എന്ന മിനി സീരീസിലെ ഒരു രംഗത്തെ ചൊല്ലിയാണ് ട്വിറ്ററില്‍ ബോയ്കോട്ട് നെറ്റ്ഫ്ളിക്സ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.

വെബ് സീരീസിലെ രണ്ട് കഥാപാത്രങ്ങള്‍ ഒരു ക്ഷേത്ര പരിസരത്ത് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം നെറ്റ്ഫ്ളിക്സിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരിയ്ക്കുന്നത്. ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്ളിക്സിന്റെ എ സ്യൂട്ടബിള്‍ ബോയ് എന്ന സീരീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും ആരോപിച്ചാണ് പ്രതിഷേധം ഉയരുന്നത്.

ആദ്യം ബിബിസിയുടെ സ്ട്രീമി0ഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് എ സ്യൂട്ടബിള്‍ ബോയ് പ്രദര്‍ശനത്തിനെത്തിയത്. ഇതിന് ശേഷമാണ് നെറ്റ്ഫ്ളിക്സിലും സീരീസ് പ്രദര്‍ശനം തുടങ്ങിയത്.അതേസമയം, വിഷയത്തില്‍ നെറ്റ്ഫ്ളിക്സിന് പിന്തുണയുമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അമ്പലത്തിനകത്ത് വെച്ച് ഏഴ് വയസുള്ള ബാലികയെ ബലാത്സംഗം ചെയ്ത് കൊന്നപ്പോള്‍ പ്രശ്നമില്ലാത്തവരാണ് ഇപ്പോള്‍ ക്ഷേത്ര പരിസരത്ത് ചുംബന രംഗം ചിത്രീകരിച്ചപ്പോള്‍ വിമര്‍ശിക്കുന്നത് എന്ന് വിഷയത്തില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തു.