എതിര്‍പ്പ് രൂക്ഷമായി ; വിവാദ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പരസ്യമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. പിന്നാലെയാണ് പൊലീസ് ഭേദഗതി നിലവില്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചത്. പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്സ്ജന്ഡര് വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാധ്യമ മേധാവികള്‍ ഉള്‍പ്പെടെ ആവശ്യം ഉന്നയിച്ചു. ഈ സാഹചര്യത്തിലാണ് പോലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്.
ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.