ഗവര്‍ണര്‍ ഒപ്പുവച്ച നിയമം എങ്ങനെ പിന്‍വലിക്കും?

കേരള പൊലീസ് ആക്ട് ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു എങ്കിലും മന്ത്രിസഭയുടെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പു വച്ച ഒരു ഓര്‍ഡിനന്‍സ് അത്ര പെട്ടന്ന് റദ്ദാക്കാന്‍ കഴിയില്ല എന്നതാണ് സത്യം. നിയമം റദ്ദാക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് ഇനി സര്‍ക്കാരിന് മുന്നിലുള്ളതെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിയമസഭ ചേരാത്ത സാഹാചര്യങ്ങളിലും നിയമ നിര്‍മ്മാണം നടത്താനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഭരണഘടനയുടെ 213 ാം വകുപ്പാണ് ഇതിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്നത്. ഇതനുസരിച്ച് മന്ത്രിസഭയുടെ ശിപാര്‍ശ പ്രകാരമാണ് ഗവര്‍ണര്‍ ഓര്‍ഡനന്‍സ് പുറപ്പെടുവിക്കുന്നത്. ഈ ഓര്‍ഡിനന്‍സ് തൊട്ടടുത്ത നിയമസഭാ സമ്മേളനം ആരംഭിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കണം. അല്ലാത്ത പക്ഷം ഓര്‍ഡിനന്‍സ് അസാധുവാകും.

ഗവര്‍ണര്‍ ഒപ്പു വച്ച ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന പ്രമേയം നിയമസഭയിലാണ് അവതരിപ്പിക്കേണ്ടത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രി നിശ്ചയിക്കുന്ന അംഗങ്ങള്‍ക്കോ പ്രമേയം അവതരിപ്പിക്കാം. ഇതു പാസായാല്‍ ഓര്‍ഡിനന്‍സ് ഇല്ലാതാകും. മന്ത്രിസഭാ ശിപാര്‍ശയില്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന പ്രമേയം ഗവര്‍ണര്‍ക്ക് നല്‍കിയും ഓര്‍ഡിനന്‍സ് റദ്ദാക്കാം. ഈ രണ്ടു വഴികളാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് മുന്നിലുള്ളത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പുതിയ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.