വിജിലന്‍സ് കേസില്‍ പിണറായിയും മാണിയും ഒത്തുകളിച്ചു എന്ന് ബിജു രമേശ്

ബാര്‍ കോഴ കേസില്‍ സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്. കെ.എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതോടെയാണ് ബാര്‍ കോഴയില്‍ മാണിയ്‌ക്കെതിരായ വിജിലന്‍സ് കേസിലെ അന്വേഷണം നിലച്ചത്. രഹസ്യമൊഴി കൊടുക്കുന്നതിന് മുന്‍പ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചെന്നും ബിജി രമേശ് വെളിപ്പെടുത്തി.

മാണി വീട്ടിലെത്തി കണ്ടതിനു പിന്നാലെ കേസ് അന്വേഷിക്കേണ്ടന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. വിജിലന്‍സിന് മൊഴി കൊടുത്താല്‍ നാളെ ഒത്ത് തീര്‍പ്പായേക്കൂം. പരസ്പരം ഒത്ത് തീര്‍പ്പ് ഉണ്ടാകുമെന്ന് ഉറപ്പില്ല. വിജിലന്‍സ് അന്വേഷണം പ്രഹസനമായേക്കും. അന്വേഷിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കട്ടെ. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ ഇലക്ഷന് അവസാനം ഒത്ത് തീര്‍പ്പിലേയ്ക്ക് വരുമെന്ന് ബിജി രമേശ് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ രഹസ്യമൊഴി കൊടുക്കുന്നതിന് മുന്‍പ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതിതേത്തുടര്‍ന്നാണ് 164 സ്റ്റേറ്റ്‌മെന്റില്‍ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. രമേശ് ചെന്നിത്തല സ്വന്തം ഫോണില്‍ നിന്നല്ല വിളിച്ചത്. അച്ഛനുമായുള്ള ബന്ധം ഉള്‍പ്പെടെ പറഞ്ഞു. ഗണ്‍മാന്റെ ഫോണില്‍ നിന്നാണ് ഭാര്യ വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം ബാര്‍ കോഴയില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനും കേസിനും നിയമതടസ്സമുണ്ടെന്ന് കേസിലെ മുന്‍ നിയമോപദേഷ്ടാവും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനുമായിരുന്ന ജി. ശശീന്ദ്രന്‍ പറയുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. പുതിയ കണ്ടെത്തലുകള്‍ ഇല്ലാതെ വീണ്ടും അന്വേഷണം നടത്താന്‍ കഴിയില്ല. അന്വേഷണത്തിന് വിചാരണ കോടതിയുടെ അനുമതിയും വേണ്ടിവരും. അന്വേഷണത്തിനുള്ള വിജിലന്‍സ് ഡയറക്ടറുടെ നീക്കം നിയമവിരുദ്ധമാണ് എന്നും ജി. ശശീന്ദ്രന്‍ മീഡിയവണിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.