കോവിഡ് വ്യാപനം ; 4 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 4 സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. കോവിഡ് വ്യാപനം ശക്തമായ ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. സംസ്ഥാനങ്ങള്‍ രോഗവ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡിസംബറില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും കോടതി ഓര്‍മപ്പെടുത്തി. രാജ്യ തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഗുജറാത്തില്‍ ഉത്സവ ആഘോഷങ്ങള്‍ അനുവദിച്ചതിനെയും കോടതി ചോദ്യം ചെയ്തു.

ഗുജറാത്ത് സര്‍ക്കാരിനെ ശാസിച്ച സുപ്രീംകോടതി, ഗുജറാത്തിലെ അവസ്ഥ ഡല്‍ഹിക്കു തൊട്ടുപിന്നാലെയാണെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.പി ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബെഞ്ച് വിഷയം സ്വയം പരിഗണിക്കുകയായിരുന്നു. രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ കൂടുതലും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.