ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സ്വര്‍ണക്കടത്ത് കേസില്‍ കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ കസ്റ്റംസ് സംഘം കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷയിലാണ് കേടതി അറസ്റ്റിന് അനുമതി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത എം ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയത്. സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എന്‍ഫോന്‍ഴ്‌സ്‌മെന്റ് കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്.

ഇതിനിടെ ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കുമ്പോള്‍ ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകന്‍ ഹാജരാകും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളിയിരുന്നു.