കാമുകിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന നീതുവിനെ കുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ യുവാവിന് ജീവപര്യന്തം തടവുശിക്ഷ. ചീയ്യാരം വത്സലാലയത്തില്‍ കൃഷ്ണരാജിന്റെ മകള്‍ നീതുവിനെ (21) കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ വടക്കേക്കാട് കല്ലൂര്‍കോട്ടയില്‍ നിതീഷിനെ (27) കോടതി ജീവപര്യന്തം തടവിനും അഞ്ചുലക്ഷം രൂപ പിഴ ഒടുക്കാനുംവിധിച്ചത്.

പ്രതിയായ നിധിഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രില്‍ നാലിന് രാവിലെ ആറേ മുക്കാലോടെ ആയിരുന്നു സംഭവം. അന്നേദിവസം രാവിലെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് പിന്‍വാതിലിലൂടെ വീട്ടില്‍ കയറി കുളിമുറിയില്‍ കയറി നിതുവിന്റെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

അമ്മ നേരത്തെ മരിച്ചിരുന്നതിനാല്‍ അമ്മാവന്റെ വീട്ടില്‍ ആയിരുന്നു നീതു താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊല നടത്തിയതിന് സാക്ഷികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കൊലപാതകത്തിന് ശേഷം നിതീഷ് ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകുകയായിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട നീതുവുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. പിന്നീട് ഈ ബന്ധം തകര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായ സി ഡി ശ്രീനിവാസനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയത്. കാക്കനാടുള്ള ഐ ടി കമ്പനിയില്‍ ജീവനക്കാരന്‍ ആയിരുന്നു നിതീഷ്.