43 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രം നിരോധിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ ചൈനീസ് നിരോധനം തുടരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്‌സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിരോധന നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. നേരത്തെ ഇക്കഴിഞ്ഞ ജൂണില്‍ കേന്ദ്രം ആദ്യമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. അതിന് ശേഷം സെപ്റ്റംബര്‍ 2ന് 118ന് മുകളില്‍ ആപ്പുകള്‍ കൂടി നിരോധിക്കുകയുണ്ടായി.

ഇപ്പോള്‍ നിരോധിച്ചവയില്‍ ടിക്ക്‌ടോക്കിന്റെ നിരോധനത്തിനു പിന്നാലെയെത്തിയ ഷോര്‍ട്ട് വിഡിയോ ഷെയറിംഗ് ആപ്പുകളില്‍ പെട്ട ഒന്നായിരുന്നു സ്‌നാക്ക് വിഡിയോ. മികച്ച യുഐയും ഭേദപ്പെട്ട കളക്ഷനും സ്‌നാക്ക് വിഡിയോയെ വളരെ വേഗം ജനപ്രിയ ആപ്പ് ആക്കി. സമാന ആപ്പുകളെയൊക്കെ പിന്തള്ളിയായിരുന്നു സ്‌നാക്ക് വിഡിയോയുടെ വളര്‍ച്ച. ഇതിനിടെയാണ് കേന്ദ്രം സ്‌നാക്ക് വിഡിയോയെയും നിരോധിച്ചത്.

ടിക്ടോക്ക് നിരോധിച്ചതു മുതല്‍ പ്ലേസ്റ്റോറില്‍ നിന്ന് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ആയിരുന്നു സ്‌നാക്ക് വിഡിയോ. ജൂണ്‍ 29 മുതല്‍ ഇന്നുവരെ 190 മില്ല്യണ്‍ ഡൗണ്‍ലോഡുകളാണ് സ്‌നാക്ക് വിഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ ആപ്പുകളായ മിത്രോന്‍ ടിവി, ചിങ്കാരി, ട്രെല്‍ തുടങ്ങി എല്ലാ ആപ്പുകളെയും സ്‌നാക്ക് വിഡിയോ പിന്നിലാക്കി. അവസാന ഒരു മാസത്തില്‍ 35 മില്ല്യണ്‍ ഡൗണ്‍ലോഡുകളാണ് സ്‌നാക്ക് വിഡിയോയ്ക്ക് ഇന്ത്യയില്‍ ലഭിച്ചത്.