ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നമുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. ചികിത്സ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിക്കുമോ എന്നറിയിക്കാന്‍ എറണാകുളം ഡിഎംഒയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും.

ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയില്‍ പദവി ദുരുപയോഗം ചെയ്തു, ഇതുവഴി സര്‍ക്കാരിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടായെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി വ്യക്തമാകാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി.

കാന്‍സര്‍ പോലുള്ള ഗുരുതരമായ അസുഖമുള്ളയാളാണ് ഇബ്രാഹിംകുഞ്ഞെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലുള്ള ഇബ്രാഹിംകുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയുമോയെന്ന കാര്യത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിജിലന്‍സും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ ചികിത്സ തുടരാന്‍ സൗകര്യമുള്ള ഗവണ്‍മെന്റ് ആശുപത്രിയുടെ വിവരം ഡിഎംഒ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.