ഡിസംബര്‍ നാല് മുതല്‍ യു.എ.ഇയിലെ പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് അനുമതി

ഡിസംബര്‍ നാല് മുതല്‍ യു.എ.ഇയിലെ പള്ളികളില്‍ കോവിഡ് നിയന്ത്രണങ്ങളോടെ ജുമുഅ നമസ്‌കാരത്തിന് അനുമതി. പള്ളിയുടെ ശേഷി അനുസരിച്ച് മുപ്പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും നമസ്‌കരിക്കാന്‍ അവസരമൊരുക്കുക. ജുമുഅ നമസ്‌കാരത്തിന് അര മണിക്കൂര്‍ മുമ്പ് മാത്രമായിരിക്കും പള്ളികള്‍ വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുക.

‘ഖുതുബയും നമസ്‌കാരവും പത്ത് മിനിറ്റിനുള്ളില്‍ അവസാനിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കുന്നതും മടങ്ങുന്നതും വോളന്റീയര്‍മാരുടെ നിയന്ത്രണത്തിലായിരിക്കണം’ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റെര്‍സ് മാനേജ്മന്റ് അതോറിറ്റി വക്താവ് ഡോക്ടര്‍ സൈഫ് അല്‍ ദഹേരി പറഞ്ഞു. വിശ്വാസികള്‍ അനാവശ്യമായി പള്ളിപ്പരിസരങ്ങളെ സ്പര്‍ശിക്കാതിരിക്കാനും, സാമൂഹ്യ അകലം പാലിക്കാനും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് മൂലം അടച്ചിട്ട പള്ളികള്‍ ജൂലൈ ഒന്ന് മുതല്‍ തുറന്നെങ്കിലും ജുമുഅക്ക് അനുമതി നല്‍കിയിരുന്നില്ല.