തിരുവനന്തപുരം വിമാനത്താവളം ; വീണ്ടും മലക്കം മറിഞ്ഞു പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതില്‍. ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എയര്‍പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കര്‍ക്കശ നിലപാടെടുത്തതോടെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.
ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതില്‍ പൊതുതാത്പര്യം പരിഗണിച്ചില്ലെന്നും, നടപടി ഫെഡറല്‍ തത്വങ്ങള്‍ക്കും എതിരാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിന് മുമ്പ് വിമാനത്താവളം നടത്തിയുള്ള മുന്‍ പരിചയം ഇല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമള്ള കമ്പനികള്‍ക്കാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാരിനെ ഏര്‍പ്പെടുത്തുക, അല്ലെങ്കില്‍ റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസല്‍ അധികാരം കമ്പനിക്ക് നല്‍കുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവെച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പ് നല്‍കുന്ന അതേ തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഒക്ടോബറില്‍ ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുള്‍പ്പടെയുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. ടെണ്ടര്‍ നടപടിയില്‍ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമര്‍ശിച്ചത്. ഹൈക്കോടതി അപ്പീല്‍ തള്ളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയില്‍ പോയാലും അനുകൂലഫലമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സര്‍ക്കാരിന് കിട്ടിയ നിയമോപദേശം. ഇതുപ്രകാരം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു നേരത്തേ സര്‍ക്കാര്‍ നിലപാട്.