തോല്‍വി സമ്മതിച്ചു അധികാര കൈമാറ്റത്തിന് വൈറ്റ് ഹൗസിന് നിര്‍ദ്ദേശം നല്‍കി ട്രംപ്
ഒടുവില്‍ തിരഞ്ഞെടുപ്പിലെ തോല്‍വി പരസ്യമായി സമ്മതിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് ട്രംപ് നിര്‍ദ്ദേശം നല്‍കി. അധികാര കൈമാറ്റത്തിന് ഉള്ള അടുത്ത നടപടി എന്താണോ അത് ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദ്ദേശം നല്‍കികൊണ്ട് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. മാത്രമല്ല തുടര്‍ നടപടികള്‍ക്കായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളറും ട്രംപ് അനുവദിച്ചു.
ബൈഡന് അധികാരം കൈമാറാനുള്ള നടപടി ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെ ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. നേരത്തെ രാഷ്ട്രീയ സമ്മര്‍ദ്ദത്താല്‍ ട്രംപ് ബൈഡന് ഫണ്ട് അനുവദിക്കാത്തത്തിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്തായാലും ട്രംപിന്റെ ഈ അപ്രതീക്ഷിത തീരുമാനത്തെ ബൈഡന്‍ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ല എന്ന നിലപാടില്‍ ആയിരുന്നു ഇതുവരെയും ട്രംപ്.